തിരുവനന്തപുരം
പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിന്റെ മറവിൽ അഴിച്ച് വിട്ട അക്രമത്തിലുണ്ടായ നഷ്ടം ഈടാക്കാനായി കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ നൽകും. കണ്ടുകെട്ടൽ നടപടി പൂർത്തിയാക്കി കരട് റിപ്പോർട്ട് ലാൻഡ് റവന്യൂ കമീഷണർ ആഭ്യന്തരവകുപ്പ് മുഖേന അഡ്വക്കറ്റ് ജനറലിന് കൈമാറി. തിങ്കൾ രാവിലെ ഇത് ക്രോഡീകരിച്ച് കോടതിക്ക് കൈമാറും. 207 വസ്തുക്കളുടെ കണക്ക് സമർപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാന വ്യാപകമായി അക്രമത്തിന് നേതൃത്വം നൽകിയ നേതാക്കളുടെ സ്വത്ത് കണ്ട്കെട്ടിയിരുന്നു. റവന്യൂ കമീഷണറേറ്റിൽനിന്നുള്ള നിർദേശപ്രകാരം തഹസിൽദാർമാരുടെയും വില്ലേജ് ഓഫീസർമാരുടെയും നേതൃത്വത്തിലായിരുന്നു ഇത്. ജില്ല തിരിച്ചുള്ള കണക്കാണ് ലാൻഡ് റവന്യൂ കമീഷണർ കൈമാറിയത്.
മിന്നൽ പണിമുടക്കിൽ 5.2 കോടി രൂപ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കെഎസ്ആർടിസിയടക്കമുള്ള സ്ഥാപനങ്ങൾക്കാണ് നഷ്ടം. കണ്ടുകെട്ടിയ സ്വത്തുക്കൾ വിൽപ്പന നടത്തി തുക നഷ്ടത്തിലേക്ക് ഈടാക്കും. അതിനായി ഈ വസ്തുക്കളുടെ മൂല്യം കണക്കാക്കും. ഇക്കാര്യത്തിൽ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കും. ജപ്തി നടപടികളിൽ എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാനും അവസരം നൽകും. ജപ്തി നേരിട്ടവരിൽ ചിലർ തങ്ങൾ പോപ്പുലർ ഫ്രണ്ടുകാരല്ലെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി തീർപ്പ് കൽപ്പിക്കും.