തിരുവനന്തപുരം
കാടിറങ്ങുന്ന കാട്ടാനകൾക്ക് നാട്ടുകാരും വനംവകുപ്പും സ്റ്റൈലൻ പേരിടാറുണ്ട്. നാട്ടുകാർ ആനയുടെ പെരുമാറ്റം അനുസരിച്ചണ് പേരിടുന്നതെങ്കിലും വനംവകുപ്പ് അങ്ങനെയല്ല. കാട്ടാനകളെ നിരീക്ഷിച്ച് ആവാസസ്ഥലം മനസ്സിലാക്കിയാണ് പേരിടൽച്ചടങ്ങ്. ആദ്യം വിഹാരപ്രദേശത്തെ സൂചിപ്പിക്കുന്ന അക്ഷരം നൽകും. കൊമ്പൻ, പിടി, മോഴ എന്നിങ്ങനെ ലിംഗവ്യത്യാസം രണ്ടാമത്തെ അക്ഷരമാകും. പ്രദേശത്തുനിന്ന് വേറെ ആനയെ പിടിച്ചിട്ടുണ്ടെങ്കിൽ അത് കണക്കാക്കി നമ്പരും നൽകും.
ഞായറാഴ്ച പാലക്കാട് ധോണിയിൽനിന്ന് പിടികൂടിയ ‘പി ടി–-7’ന് പേര് വന്നത് ഇങ്ങനെ: പി (പാലക്കാട്), കൊമ്പനെന്നു സൂചിപ്പിക്കുന്ന ‘ടസ്കർ’(-ടി). പിടികൂടിയത് ഏഴാമനായതുകൊണ്ട് ‘7’ എന്നും ചേർത്ത് പി ടി–-7 ആയി. ഇങ്ങനെ പി ടി–-17 വരെയുണ്ട്.
ഗൂഡല്ലൂരിൽനിന്ന് വയനാട് ബത്തേരിയിൽ ഇറങ്ങിയ പിഎം–-2നെ ജനുവരി ആദ്യമാണ് പിടികൂടുന്നത്. പി എം–-2 എന്നാൽ ‘പന്തല്ലൂർ മഖ്ന–-2’. (മഖ്ന എന്നാൽ മോഴ). പിഎം–-2 ഗൂഡല്ലൂരിൽ രണ്ടുപേരെ കൊന്നിട്ടുണ്ട്. വീടും കടകളും ആക്രമിച്ച് അരി തിന്നുന്നതിനാൽ ‘അരിസിരാജ’ എന്നും അറിയപ്പെട്ടിരുന്നു.
നാട്ടുകാർ ‘പടയപ്പ’ തുടങ്ങിയ പേരിടാറുണ്ട്. നടപ്പിലെ സ്റ്റൈൽ കണ്ടാണ് മൂന്നാറിലെ തോട്ടംതൊഴിലാളികൾ രജനികാന്ത് ചിത്രത്തിന്റെ പേരിട്ടത്. മാട്ടുപ്പെട്ടി പശുവളർത്തൽ കേന്ദ്രത്തിലെ പൈപ്പ് പൊട്ടിക്കുന്നതിനിടെ പിവിസി പൈപ്പിന്റെ കുറച്ചുഭാഗം കൊമ്പിൽ കുടുങ്ങിയ ‘ഹോസ്’ കൊമ്പനമുണ്ട്.
മന്ത്രി പേരിട്ടു ‘ധോണി’
പി ടി ഏഴിന് ‘ധോണി’ എന്ന പേര് നൽകി വനംവകുപ്പ്. ധോണിയിലെത്തിയ മന്ത്രി എ കെ ശശീന്ദ്രനാണ് ആനയ്ക്ക് ധോണി എന്ന് പേരിട്ടത്. ധോണി ഗ്രാമത്തെ അത്രയ്ക്കും അറിയുന്ന പി ടി ഏഴിന് അനുയോജ്യമായ പേര് അതാണെന്നും മന്ത്രി പറഞ്ഞു. പി ടി ഏഴിനെ വനംവകുപ്പിന്റെ സ്വത്തായി സംരക്ഷിക്കും. ഒപ്പമുണ്ടായിരുന്ന മറ്റ് ആനകളെയും നിരീക്ഷിക്കും. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുത്.