പാലക്കാട് > ധോണിമേഖലയെ വിറപ്പിച്ച കാട്ടുകൊമ്പൻ പി ടി സെവനെ നീണ്ട നാളത്തെ ദൗത്യത്തിനൊടുവിൽ കൂട്ടിലാക്കി. ഇന്നു രാവിലെ 7.10ന് മയക്കുവെടിവെച്ച് തളച്ച കൊമ്പനെ കാട്ടിൽനിന്നും കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയാണ് കൂട്ടിലെത്തിച്ചത്. ധോണിയിൽ വനം വകുപ്പിന്റെ സെക്ഷൻ ഓഫീസിനടുത്ത് ആറടി താഴ്ചയിൽ കുഴിയെടുത്ത് യൂലാലിപ്സ് തടികൊണ്ട് തീർത്ത കൂട്ടിലേക്കാണ് പാലക്കാട് ടസ്ക്കർ 7 എന്ന പി ടി സെവനെ മാറ്റിയത്. പി ടി സെവന് കുങ്കിയാനയാകാൻ ഉള്ള പരിശീലനം നൽകുമെന്ന് വനവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.പി ടി സെവന് ധോണി എന്ന പേരും നൽകി.
മയക്കുവെടി വെച്ച് മയക്കിയ കാട്ടാന പി ടി സെവനെ ഏറെ ശ്രമത്തിന്ശേഷം ലോറിയിലേക്ക് കേറ്റി. ഒരു കുങ്കിയാനയെ കൊണ്ട് തള്ളികയറ്റാനുള്ള ആദ്യശ്രം പരാജയപ്പെട്ടപ്പോൾ രണ്ട് കുങ്കിയാനകളെ ഉപയോഗിച്ചാണ് പി ടി സെവനെ ലോറിയിൽ കയറ്റിയത്. ഇടതു ചെവിക്ക് താഴെ മുൻകാലിന് മുകളിലായാണ് മയക്കുവെടി വെച്ചത്.ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്.പിന്നീട് കണ്ണിനുമുകളിൽ കറുത്ത തുണികെട്ടി കാലിൽ വടം കെട്ടി തളയ്ക്കുയായിരുന്നു.72 പേരും വിക്രം, ഭരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളുമടങ്ങുന്ന ദൗത്യസംഘം ജെസിബിയും ലോറിയുമായാണ് ആനക്കടുത്തെത്തിയത്. തുടർന്ന് കുങ്കിയാനകൾ തള്ളി ലോറിയിൽ കയറ്റി. കുട്ടിലേക്കുള്ള യാത്രയിൽ മയക്കം വിട്ടുതുടങ്ങിയ കൊമ്പന് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയാണ് കൂട്ടിലെത്തിച്ചത്.