കൊല്ലം> സിനിമ പിടിക്കാൻ ഷിബു ബേബി ജോണിനൊപ്പം രാജസ്ഥാനിൽ പോയ ആർവൈഎഫ് നേതാക്കളെ ജില്ലാ ഭാരവാഹിത്വത്തിൽ നിന്നും നീക്കംചെയ്തു. ജില്ലാ പ്രസിഡന്റ് സെബി സ്റ്റാൻലിൻ, സെക്രട്ടറി സുഭാഷ് എസ് കല്ലട എന്നിവരുടെ സ്ഥാനമാണ് തെറിച്ചത്. ആർഎസ്പിയിൽ നടക്കുന്ന എ എ അസീസ്– ഷിബു ബേബി ജോൺ പോരിന്റെ ഭാഗമാണിത്. സംസ്ഥാന കമ്മിറ്റിക്ക് അവധികൊടുക്കാതെ ഷിബുവിനൊപ്പം പോയെന്ന കാരണംപറഞ്ഞ് അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേർത്താണ് നിലവിലെ ഭാരവാഹികളെ മാറ്റിയത്.
ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി വിഷ്ണു മോഹൻ എന്നിവരും പങ്കെടുത്തു. എസ് ആർ നവീൻ (പ്രസിഡന്റ്), ഡേവിഡ് സേവ്യർ (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മോഹൻലാലിനെ നായകനാക്കി ഷിബു ബേബിജോണിന്റെ സിനിമ കമ്പനി നിർമിക്കുന്ന സിനിമയുടെ ഷൂട്ടിങ് ആണ് രാജസ്ഥാനിൽ നടക്കുന്നത്. ഇതിലേക്ക് സുഭാഷിനെ ആർട്ട് അസിസ്റ്റന്റായും സെബിയെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസിസ്റ്റന്റായുമാണ് ഷിബു നിയമിച്ചിട്ടുള്ളത്. ആർഎസ്പി സംസ്ഥാന സമ്മേളനത്തിൽ അസീസിന് എതിരെ നിലപാട് എടുത്തവരാണ് പുറത്തായ ആർവൈഎഫ് നേതാക്കൾ.