തിരുവനന്തപുരം
ഗുണ്ടാസംഘങ്ങളെ തലപൊക്കാൻ അനുവദിക്കില്ലെന്ന ജാഗ്രതയിൽ സർക്കാർ, പൊലീസ് നടപടികൾ. ഗുണ്ടകളെ നേരിട്ടും കാപ്പ നിയമം പ്രയോഗിച്ചും സാമൂഹ്യവിരുദ്ധർക്ക് കൂട്ടുനിൽക്കുന്ന പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തും ഉറച്ച മുന്നറിയിപ്പാണ് ക്രിമിനലുകൾക്കെതിരെ നൽകുന്നത്.
റിയൽ എസ്റ്റേറ്റ് മാഫിയകൾക്കായി തലസ്ഥാനത്തിറങ്ങിയ ഗുണ്ടകളെ ദിവസങ്ങൾക്കുള്ളിൽ വരുതിയിലാക്കാൻ പൊലീസിനായി. സംസ്ഥാനത്താകെ ഡിസംബർവരെയുള്ള കണക്കനുസരിച്ച് പൊലീസ് നൽകിയ 817 കാപ്പ നിർദേശത്തിൽ 289 എണ്ണത്തിൽ കലക്ടർമാർ ഉത്തരവിട്ടു. 84 എണ്ണത്തിലാണ് ഇനി തീർപ്പ് കൽപ്പിക്കാനുള്ളത്. ഗുണ്ടാപ്രവർത്തനങ്ങൾക്കെതിരെ സിആർപിഎഫ് 107 പ്രകാരമുള്ള മുൻകരുതൽ നടപടിയെടുത്തിരുന്നു. ഒരു വർഷം കേസുകളിൽ ഉൾപ്പെട്ടാൽ കാപ്പ ചുമത്താമെന്ന കരാറിൽ ഒപ്പിടുവിക്കുന്നതാണ് ഈ വകുപ്പ്. ഇതിനു പകരം സിആർപിഎഫ് 110 (ഇ), (ജി) വകുപ്പുകൾ പ്രകാരമുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
പൊലീസുകാരിൽ ചിലർ ഗുണ്ടാസംഘങ്ങളെ സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു. രണ്ടു ഡിവൈഎസ്പിമാരുൾപ്പെടെയുള്ള പൊലീസുകാർക്കെതിരെയാണ് നടപടിയെടുത്തത്. സിഐ, എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടായി. തിരുവനന്തപുരം സിറ്റിയിൽ മൂന്ന് പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഗുണ്ടാ, മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന് മംഗലപുരം പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയത് ശക്തമായ സന്ദേശമായി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ചും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സർക്കാർ പിടികൂടുമെന്ന് ഉറപ്പായതോടെയാണ് പാറ്റൂർ ആക്രമണക്കേസിലെ നാലു പ്രതികൾക്ക് ശനിയാഴ്ച കീഴടങ്ങേണ്ടി വന്നത്. ഇവർക്ക് നേതൃത്വം നൽകുന്ന ഓംപ്രകാശ്, പുത്തൻപാലം രാജേഷടക്കമുള്ള ഗുണ്ടാത്തലവന്മാരെ പിടികൂടാനുള്ള നടപടിയും ഊർജിതമാക്കി.