പാലക്കാട് > ധോണി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ കാട്ടുകൊമ്പൻ പി ടി 7നെ മയക്കുവെടിവച്ചു. ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്.
ഇന്ന് രാവിലെ 7.10നാണ് പി ടി സെവനെ മയക്കുവെടി വച്ചത്. ധോണിയിലെ കോർമ മേഖലയിൽ പി ടി സെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്. പിന്നാലെ ആനയെ കൂട്ടിലാക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സും കാട്ടിലേക്ക് പോയിട്ടുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും വനത്തിലെത്തിയിട്ടുണ്ട്. 72 പേരും വിക്രം, ഭരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളുമടങ്ങുന്ന ദൗത്യസംഘമാണ് ആനയെ പിടികൂടാനിറങ്ങിയത്.
45 മിനിറ്റ് വരെയാണ് മയക്കുവെടിയുടെ ആഘാതമുണ്ടാവുക. അതിനുള്ളിൽ കുങ്കിയാനകളെ ഉപയോഗിച്ച് പി ടി 7നെ ലോറിയിൽ കയറ്റുകയോ രണ്ടാമതൊരു ബൂസ്റ്റർ ഡോസ് മയക്കുവെടി വയ്ക്കകയോ വേണ്ടിവരും. പിടി 7നെ കൂട്ടിലേക്ക് എത്തിച്ചാൽ മാത്രമേ ദൗത്യം പൂർത്തിയാകൂ. അതിനായുള്ള യൂക്കാലിപ്സ് കൂട് തയ്യാറാണ്. കൂട്ടിൽ ചൂടില്ലാതിരിക്കാൻ മണ്ണ് നനച്ച് നിലം ഒരുക്കുക പോലുള്ള നടപടിക്രമങ്ങളെല്ലാം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.
മാസങ്ങളായി ധോണിയിലെ ജനങ്ങളെ ഭയത്തിലാഴ്ത്തിയപി ടി സെവനെ പിടികൂടിയതിൽ ഏറെ സന്തോഷത്തിലാണ് നാട്ടുകാർ