തിരുവനന്തപുരം
പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിന്റെ മറവിൽ അഴിച്ചുവിട്ട അക്രമങ്ങളിലുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ സംസ്ഥാന വ്യാപകമായി കൂടുതൽ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി. ഹൈക്കോടതി ഉത്തരവുപ്രകാരം തിങ്കൾ ഉച്ചയോടെ ആരംഭിച്ച ജപ്തി നടപടി ശനിയാഴ്ചയും തുടർന്നു.
കാസർകോട്
ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസായി പ്രവർത്തിച്ച ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കെട്ടിടമുൾപ്പെടുന്ന 7.48 സെന്റ് സ്ഥലമടക്കം ഒന്നര ഏക്കറോളം സ്ഥലവും നാലുവീടും ജപ്തിചെയ്തു.
കണ്ണൂർ
കണ്ണൂർ ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ എട്ടു പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടാനാണ് നടപടി തുടങ്ങിയത്.
കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ ഒമ്പത് പേരുടെ സ്വത്തു വകകൾ ജപ്തി ചെയ്തു. ഇതിൽ പിഎഫ്ഐ മുൻ സംസ്ഥാനകമ്മിറ്റി അംഗം തൃശൂർ സ്വദേശി യഹിയ കോയ തങ്ങൾ മാനേജിങ് ഡയറക്ടറായ ഡാലിയ ബിൽഡേഴ്സ് ആൻഡ് ഡെവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെട്ട കെട്ടിടവും ഉൾപ്പെടും.
ആലപ്പുഴ
ആലപ്പുഴ ജില്ലയിൽ മൂന്നുപേരുടെ സ്വത്ത് കണ്ടുകെട്ടി. പിഎഫ് ഐ മുൻ ജില്ലാസെക്രട്ടറി ഷിറാസിന്റെ വീടും ഭൂമിയുമടക്കം ആകെ 32.79 സെന്റ് സ്ഥലവും അഞ്ചുവീടും കണ്ടുകെട്ടി.
പത്തനംതിട്ട
ജില്ലയിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിലുള്ള നാല് വസ്തുവകകൾ കണ്ടുകെട്ടി.
മലപ്പുറം
മലപ്പുറത്ത് ഏഴു താലൂക്കിലായി 89 ഇടത്ത് ജപ്തി നടത്തി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി. സ്വത്ത് കണ്ടുകെട്ടൽ നടപടി വൈകിട്ടോടെ പൂർത്തിയായി. ജില്ലയിൽ 126 വ്യക്തികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് തീരുമാനിച്ചിരുന്നത്. പിഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് നസിറുദ്ദീൻ എളമരത്തിന്റെ നാഷണൽ എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനവും ഉൾപ്പെടും.
പാലക്കാട്
ശനിയാഴ്ച ജില്ലയിൽ അഞ്ച് പേരുടെ വീടും സ്ഥലവും കണ്ടുകെട്ടി. കഴിഞ്ഞ ദിവസം 17 പേരുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. ഇതോടെ ജില്ലയിൽ 22 പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടി.
തൃശൂർ
കുന്നംകുളം, ചാവക്കാട്, തലപ്പിള്ളി താലൂക്കുകളിൽ 20 പേരിൽനിന്നായി 251 സെന്റ് സ്ഥലവും കെട്ടിടങ്ങളും ജപ്തിചെയ്തു. നടപടി പൂർത്തീകരിച്ച് മഹസർ കലക്ടർക്ക് കൈമാറി.
എറണാകുളം
എറണാകുളം ജില്ലയിൽ കണ്ടുകെട്ടിയത് മൂന്ന് കോടിയോളം രൂപയുടെ സ്വത്ത്. പോപ്പുലർ ഫ്രണ്ടിന്റെ കീഴിലുള്ള പെരിയാർവാലി ക്യാമ്പസും മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥലവും വീടുമാണ് ജപ്തി ചെയ്തത്.
കൊല്ലം
സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെ 54 ലക്ഷം രൂപയുടെ സ്വത്തും വീടുമാണ് കണ്ടുകെട്ടിയത്. വീട്ടിൽ താമസിച്ചിരുന്ന അബ്ദുൽ സത്താറിന്റെ അച്ഛനമ്മമാരും ഭാര്യയും മക്കളും ഉൾപ്പെടെ മറ്റൊരു വീട്ടിലേക്ക് താമസംമാറി.