തിരുവനന്തപുരം
‘‘വീടുകളിൽ പ്രായഭേദമന്യേ എല്ലാവർക്കും ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തരാണവർ. സർക്കാരിന്റെ ക്ഷേമ പെൻഷൻ, റേഷൻ വിതരണം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അതീവ ശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങൾ എന്നിവ പാവപ്പെട്ടവർക്ക് വലിയ ആശ്വാസം നൽകുന്നുവെന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായി’’ –- സിപിഐ എം സംസ്ഥാന വ്യാപകമായി നടത്തിയ ഗൃഹസന്ദർശനത്തെക്കുറിച്ച് ഓർക്കുമ്പോൾ പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനിൽ നിറയുന്നത് ഇത്തരം മാവേലിക്കാഴ്ചകളാണ്. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്ക്ക് എതിരെയും സംസ്ഥാന സർക്കാരിന്റെയും പാർടിയുടെയും പ്രവർത്തനങ്ങൾ വിശദീകരിച്ചുമാണ് ഗൃഹസന്ദർശനം നടത്തിയത്.
തിരുവനന്തപുരത്ത് എസ്എം ലോക്കിലെ ഒരു വാടക വീട്ടിൽ ചെന്നപ്പോൾ ഉമ്മയും മക്കളുമാണുണ്ടായിരുന്നത്. മകളാണ് കാര്യങ്ങൾ വിശദീകരിച്ചത്. ‘‘ഉമ്മയ്ക്ക് പെൻഷൻ കിട്ടുന്നുണ്ട്. കുടുംബത്തിന് ഉപജീവനത്തിന് വാഹനം ലഭ്യമാക്കി. ഇഷ്ടംപോലെ അരിയും മറ്റും റേഷൻ കടയിൽനിന്നും ലഭിക്കുന്നുണ്ട്. ചെറിയ വരുമാനത്തിൽ ജീവിക്കാൻ ഇതു മതി മാഷേ… സ്വന്തമായി സ്ഥലമില്ലാത്തതുകൊണ്ടാണ് വീട് കിട്ടാത്തത്. അതിനും ഇപ്പോൾ അപേക്ഷ വാങ്ങിയിട്ടുണ്ട്….’’
ഈ വാക്കുകളിൽനിന്നുതന്നെ പാവപ്പെട്ട ജനങ്ങളുടെ സന്തോഷം എത്രമാത്രമാണെന്ന് മനസിലാക്കാനാകും. ഒരു സമുദായം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിയപ്പോൾ പാഠ്യപദ്ധതി പരിഷ്കാരത്തിൽ എന്തോ വലിയ അപകടം വരാനിരിക്കുന്നു എന്ന ആശങ്കയാണ് അവർ പങ്കുവച്ചത്. ‘ജനങ്ങൾക്ക് ഒരു ആശങ്കയ്ക്കും ഇടയില്ലാത്തവിധമായിരിക്കും പാഠ്യപദ്ധതി പരിഷ്കരണം. സിപിഐ എം ഒരു മതത്തിനും എതിരല്ല. എല്ലാ മതവിഭാഗങ്ങളും ഒരുമയോടെ ജീവിക്കുന്നതിന് അവർക്കൊപ്പം സിപിഐ എം നിലയുറപ്പിക്കും’ –- ഇത്രയും പറഞ്ഞപ്പോൾ അവരുടെ ആശങ്കകളും നീങ്ങി.
സർക്കാരിനും പാർടിക്കും എതിരെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും പടച്ചുവിടുന്ന വ്യാജ വാർത്തകളിലെ പൊള്ളത്തരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഗൃഹസന്ദർശനത്തിന് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ആറ്റിങ്ങലിൽ ഭവനസന്ദർശന വേളയിൽ ഒരു സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തി. അത് അപ്പോൾത്തന്നെ പരിഹരിക്കാനായി. കാസർകോട് ജില്ലയിലെ ഭവനസന്ദർശനവും വലിയ അനുഭവങ്ങളാണ് പകർന്നത്.
പാർടിയും ജനങ്ങളുമായുള്ള ബന്ധം വളരെ ഊഷ്മളമാണെന്നും സന്ദർശനത്തിൽ ബോധ്യമായി. ഗ്രാമ, നഗര വ്യത്യാസമില്ലാതെ പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കും ആ പ്രദേശത്തെ എല്ലാ വീടുകളുമായുള്ള അടുപ്പം ഏറെയാണ്. ഓരോ കുടുംബവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പാർടി പ്രവർത്തകരുടെ മുൻകൈയിൽ പരിഹാരം തേടി നൽകുന്നത് ജനങ്ങളും പാർടിയുമായുള്ള ഇഴയടുപ്പം വർധിപ്പിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്തെ പിബി അംഗങ്ങൾ മുതൽ പാർട്ടി അംഗങ്ങളും ബഹുജനസംഘടനാഭാരവാഹികളും അടക്കമുള്ളവർ നാലുലക്ഷത്തിലേറെപേർ അടങ്ങുന്ന കാൽലക്ഷത്തിലേറെ സ്ക്വാഡുകൾ കഴിഞ്ഞ മൂന്നാഴ്ചയായി ഗൃഹസന്ദർശന പരിപാടിയിലായിരുന്നു. കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണന അക്കമിട്ടു നിരത്തിയ സ്ക്വാഡ് അംഗങ്ങൾ വീട്ടുകാരുടെ പരാതികളും അഭിപ്രായങ്ങളും അവധാനതയോടെ കേട്ടു. പരിഹരിക്കാവുന്നവയത്രയും പരിഹരിക്കുകയും ചെയ്തു. വിൽചെയർ, കിടപ്പാടം എന്നിവയടക്കം നൽകാനായത് ജനസമ്പർക്ക പരിപാടിയെ വലിയ മാതൃകയാക്കിമാറ്റി.