കൊച്ചി> ജുഡീഷ്യറിയാണ് ഭരണഘടനയുടെ സംരക്ഷകർ എന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇന്ദിര ബാനർജി. നുവാൽസിലെ പതിനാറാമത് ബിരുദാന ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് ഇന്ദിര ബാനർജി. നീതി നിഷേധിക്കപ്പെടുമ്പോൾ കോടതികളാണ് അഭയം. അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ശക്തമായ ജുഡീഷ്യറി സംവിധാനം ആവശ്യമാണെന്നും അവര് പറഞ്ഞു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും നുവാൽസ് ചാൻസലറുമായ ജസ്റ്റിസ് എസ് മണികുമാർ ബിരുദദാനം നിർവഹിച്ചു. 69 പേർ ബിഎ എൽഎൽബിയും 59 പേർ എൽഎൽഎമ്മും ആറു പേർ പിഎച്ഡിയും നേടി. അഷ്ന ഡിഎൽഎൽ ഒന്നാം റാങ്കും നീന തെരേസ വർഗീസ് രണ്ടാം റാങ്കും നേടി. എൽഎൽഎമ്മിന് നവ്യ ബെന്നിക്കാണ് ഒന്നാം റാങ്ക്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പ്രത്യേക പ്രഭാഷണം നടത്തി. നുവാൽസ് വൈസ് ചാൻസലർ ഡോ കെ സി സണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് അറ്റോർണി മനോജ് കുമാർ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, വി ആർ സുനിൽ കുമാർ, അഡ്വ കെ എൻ അനിൽ കുമാർ, അഡ്വ നാഗരാജ് നാരായൺ, അഡ്വ സി പി പ്രമോദ് എന്നിവരും പങ്കെടുത്തു.