ന്യൂഡൽഹി> പ്രധാനമന്ത്രി മോഡിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെൻറിക്ക് നിരോധനം. 2002ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യൂട്യൂബിനും കേന്ദ്രം നിർദ്ദേശം നൽകി.
“ഇന്ത്യ: ദി മോദി ക്വസ്റ്റൻ’ (India:The Modi Question )എന്ന ഡോക്യുമെന്ററിയുടെ ട്വീറ്റുകളും YouTube വീഡിയോകളും ആണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
ജി–20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് അന്തർദേശീയതലത്തിൽ സ്വീകാര്യനെന്ന് വരുത്താൻ മോദിയും കേന്ദ്രവും കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് ബിബിസി ഡോക്യുമെന്ററി വന്നത്. ഡോക്യുമെന്ററിക്ക് ആഗോളതലത്തിൽ വൻ വാർത്താപ്രാധാന്യം ലഭിച്ചു. ഡോക്യുമെന്ററിയിലൂടെ, ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരിക്കെ അരങ്ങേറിയ വംശഹത്യയുടെ നീറുന്ന ഓർമകൾ വീണ്ടും അന്തർദേശീയമായി ചർച്ചയായി മാറിയിരുന്നു.
2002ലെ വംശഹത്യയുടെ കാരണങ്ങൾ അറിയാൻ യുകെ സർക്കാർ ഔദ്യോഗികമായി നിയമിച്ച സംഘത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് രണ്ട് ഭാഗമായുള്ള ബിബിസി ഡോക്യുമെന്ററി. ഇതുവരെ പുറത്തുവരാതിരുന്ന അന്വേഷണറിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ ഡോക്യുമെന്ററിയിലുണ്ട്. വംശഹത്യാവേളയിൽ യുകെയുടെ വിദേശ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ അടക്കം പല പ്രമുഖരുടെയും പ്രതികരണങ്ങളുമുണ്ട്.
കലാപത്തിന്റെ നേരിട്ടുള്ള ഉത്തരവാദി മുഖ്യമന്ത്രിയായിരുന്ന മോദിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകമായി താൽപ്പര്യമെടുത്താണ് അന്വേഷണത്തിന് സംഘത്തെ വെച്ചതെന്ന് സ്ട്രോ വ്യക്തമാക്കുന്നു. ഗുജറാത്തിലേക്ക് സംഘത്തെ അയച്ച്, എന്താണ് സംഭവിച്ചതെന്ന് നേരിട്ടു മനസ്സിലാക്കി. വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. പൊലീസിനെ പിൻവലിക്കുന്നതിലും ഹിന്ദു തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിലും മോദി സജീവ പങ്കുവഹിച്ചെന്ന് റിപ്പോർട്ട് പറയുന്നു– സ്ട്രോ പറഞ്ഞു. പുറത്തുവന്നതിലും ഭീകരമാണ് കാര്യങ്ങളെന്നും റിപ്പോർട്ടിലുണ്ട്. മുസ്ലിം സ്ത്രീകൾ ആസൂത്രിതമായി ബലാൽസംഗം ചെയ്യപ്പെട്ടു. രാഷ്ട്രീയപ്രേരിതമായിരുന്ന കലാപത്തിൽ ഹിന്ദു മേഖലകളിൽനിന്ന് മുസ്ലിങ്ങളെ ആട്ടിപ്പായിക്കുകയായിരുന്നു ലക്ഷ്യം എന്നും റിപ്പോർട്ടിൽ പറയുന്നു.