തളിപ്പറമ്പ്> കേരള സ്റ്റുഡൻസ് ഫെഡറേഷന്റെ (കെഎസ്എഫ്) ആദ്യ സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന കെ ബാലകൃഷ്ണൻ നായർ (82) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച പകൽ മൂന്നിന് വട്ടപ്പാറ എൻഎസ്എസ് ശ്മശാനത്തിൽ. പൂക്കോത്ത് നടയിലെ വീട്ടിൽ ഞായർ രാവിലെ എട്ട്മുതൽ വൈകിട്ട് മൂന്നുവരെ മൃതദേഹം പൊതുദർശനത്തിന് വെക്കും.
എസ്എഫ്ഐയുടെ ആദ്യരൂപമായ കേരള സ്റ്റുഡൻസ് ഫെഡറേഷൻ കെട്ടിപ്പടുക്കുന്നതിനും സംസ്ഥാനത്തുടനീളം സംഘടനയെ ശക്തിപ്പെടുത്തുന്നതിനും നേതൃത്വം നൽകിയ വിദ്യാർഥി നേതാക്കളിൽ പ്രമുഖനായിരുന്നു. മാടായി ഗവ. ഹൈസ്കൂളിലും തലശേരി ബ്രണ്ണൻ കോളേജിൽനിന്നും ബിരുദപഠനം പൂർത്തിയാക്കിയശേഷം പയ്യന്നൂർ ഹൈസ്കൂളിൽ അധ്യാപകനായി. കമ്യൂണിസ്റ്റ്കാരനായിതിനാൽ ജോലിയിൽനിന്നും പിരിച്ചുവിട്ടതിനെ തുടർന്ന് ഏറണാകുളം ലോ കോളേജിൽ ബിരുദ പഠനത്തിന് ചേർന്നു.
നിയമപഠനം പൂർത്തിയാക്കിയതിന് ശേഷം തളിപ്പറമ്പ് എംഎൽഎ ആയിരുന്ന കെപി രാഘവപൊതുവാളുടെ കീഴിൽ ജൂനിയറായി. 1967മുതൽ തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായി. സിപിഐ നേതാവ് ജ്യോതി ബസു കേരളം സന്ദർശിച്ചപ്പോൾ അക്കാലത്ത് പ്രസംഗം പരിഭാഷപ്പെടുത്തിയിത് ഇദ്ദേഹമായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് 26മാസം ജയിൽവാസം അനുഭവിച്ചു. നെരുവമ്പ്രത്തെ പരേതരായ കെ കെ ഗോപാലൻ നായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനാണ്.
ഭാര്യ: ഒ വി പാർവതി. മക്കൾ: ഡോ. സനൽ (ദന്തൽ ക്ലിനിക് പയ്യാവൂർ, ലയൺസ് ക്ലബ്ബ് മുൻ ഡിസ്ട്രിക്ട് ഗവർണർ), അഡ്വ. ഒ വി ബിന്ദു (ഗവ. പ്ലീഡർ ഹൈക്കോടതി), ഡോ. ഒ വി സിന്ധു (യുകെ). മരുമക്കൾ: സിത്താര (അധ്യാപിക, സീതിസാഹിബ് ഹയർസെക്കൻഡറി സ്കൂൾ), രാധാകൃഷ്ണൻ (ബിസിനസ്), ഡോ. വിനൂപ് (യുകെ). സഹോദരങ്ങൾ: കമലാക്ഷി, ഗംഗാധരൻ (റിട്ട. അധ്യാപകൻ), രുഗ്മിണി (ബംഗ്ലുരു), ഡോ. പത്മിനി (പാലക്കാട്), പ്രൊഫ. ഗോവിന്ദൻ കുട്ടി (തൃശൂർ), ഉഷാകുമാരി, രാജലക്ഷ്മി (യുഎസ്എ), പരേതരായ ഡോ. പത്മനാഭൻ, പ്രേമലത.