നിരുല‐ രഘുനാഥ്സിങ് മഞ്ച്
(ബംഗളൂരു)
തൊഴിലാളിവിരുദ്ധമായ നാല് ലേബർ കോഡും ഉടൻ റദ്ദാക്കണമെന്ന് സിഐടിയു അഖിലേന്ത്യ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. തൊഴിൽ നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കും. തൊഴിലാളിവിരുദ്ധ, -ജനവിരുദ്ധ നവലിബറൽ ഭരണത്തെ മുട്ടുകുത്തിക്കാനും സമ്മേളനം തൊഴിലാളികളോട് ആഹ്വാനംചെയ്തു.
തൊഴിലാളികളുടെ അവകാശങ്ങൾ തട്ടിയെടുക്കാനും തൊഴിലുടമകൾക്ക് അനിയന്ത്രിതമായ ലാഭമുണ്ടാക്കാനുമാണ് തൊഴിൽ നിയമ ഭേദഗതി. വേതനം സംബന്ധിച്ച കോഡൊഴികെ മറ്റ് മൂന്ന് കോഡും 2020 സെപ്തംബറിൽ ചർച്ച കൂടാതെയാണ് പാസാക്കിയത്. വലിയൊരു വിഭാഗം തൊഴിലാളികൾക്ക് സംരക്ഷണം നഷ്ടപ്പെടുത്തി. എല്ലാ വ്യവസ്ഥകളും തൊഴിലുടമകൾക്ക് അനുകൂലമാക്കി.
പത്തിൽ താഴെപേർ ജോലി ചെയ്യുന്ന യൂണിറ്റുകൾ ‘സ്ഥാപനം’, ‘ഫാക്ടറി’ നിർവചനത്തിൽ ഉൾപ്പെടാത്തതിനാൽ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് പരിരക്ഷ നഷ്ടമാകും. സുരക്ഷ, ആരോഗ്യം, ക്ഷേമനടപടി എന്നിവയിലെ ഏത് ബാധ്യതയിൽനിന്നും തൊഴിലുടമയ്ക്ക് എളുപ്പത്തിൽ രക്ഷപ്പെടാം. ഭാവിയിൽ പാർലമെന്റിനെയും ട്രേഡ് യൂണിയനുകളെയും നോക്കുകുത്തിയാക്കി എക്സിക്യൂട്ടീവ് തീരുമാനത്തിലൂടെ നിയമത്തിൽ മാറ്റം വരുത്താനുമാകും.
എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ഈ തൊഴിൽ നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യവ്യാപകമായി രണ്ടു പൊതുപണിമുടക്ക് നടത്തി. എന്നിട്ടും മോദി സർക്കാർ തെറ്റ് തിരുത്തിയില്ല. അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റങ്ങൾക്കെതിരായ തൊഴിലാളിവർഗത്തിന്റെ സമരത്തെ പൂർണമായി പിന്തുണയ്ക്കാൻ എല്ലാ പുരോഗമന – ജനാധിപത്യശക്തികളോടും സമ്മേളനം അഭ്യർഥിച്ചു.
കേരളബദലിന് അഭിനന്ദനം
രാജ്യമാകെ ഇരുൾ പടരുമ്പോൾ ജനകീയ ബദൽനയം നടപ്പാക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ സിഐടിയു 17––ാം അഖിലേന്ത്യ സമ്മേളനം അഭിനന്ദിച്ചു. കേന്ദ്ര സർക്കാരിന്റെ കുതന്ത്രങ്ങൾ തുറന്നുകാട്ടി പിണറായി വിജയൻ സർക്കാരിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങാൻ തൊഴിലാളിവർഗത്തോട് സമ്മേളനം ആഹ്വാനംചെയ്തു. മോദി ഭരണത്തിന്റെ ആക്രമണങ്ങളെയും കേരളത്തോടുള്ള വിവേചനങ്ങളെയും തുറന്നുകാട്ടി, ജനകീയ ഇടതുപക്ഷ ബദൽ ഭരണത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് സമ്മേളനം ഏകകണ്ഠമായി പ്രമേയം പാസാക്കി. 2016ൽ പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ രൂപീകരിച്ചതുമുതൽ കേന്ദ്രഭരണം നിയന്ത്രിക്കുന്ന ആർഎസ്എസ് തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സുകളും സ്വാതന്ത്ര്യവും അവകാശങ്ങളും വെട്ടിച്ചുരുക്കി. രാജ്ഭവനെ ഉപയോഗിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.
ഫെഡറലിസം പൂർണമായും നിരാകരിക്കുന്ന സമാന്തര സംവിധാനത്തെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നു. ദുരാരോപണങ്ങൾ ഉന്നയിച്ചും സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ടും ഗവർണർ പദവിയുടെ അന്തസ്സ് ഹനിക്കുകയാണ്. ജിഎസ്ടി നഷ്ടപരിഹാരം നൽകാതെയും കടമെടുക്കൽ പരിധി കുറച്ചും ദ്രോഹിക്കുന്നു.
വെല്ലുവിളികൾക്കിടയിലും 2021–- 22 കാലയളവിൽ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ 12.8 ശതമാനം വളർച്ച നിരക്ക് കൈവരിച്ചു. പ്രതിശീർഷ വരുമാനം 12.5 ശതമാനം വർധിച്ചു. പൊതുമേഖലാ ആസ്തികൾ വിൽക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുമ്പോൾ കേരളം സ്വന്തം പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് ശക്തിപ്പെടുത്തുന്നു.
ആർബിഐ റിപ്പോർട്ടിൽ ദിവസവേതന തൊഴിലാളികൾക്ക് കേരളം പരമാവധി വേതനം നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞ വേതനം ഗുജറാത്തിലാണ്. കാർഷിക, കാർഷികേതര, ഉൽപ്പാദന മേഖലകളിലെ വേതനവും കേരളത്തിലുയർന്നതാണ്. നിരവധി പുരസ്കാരങ്ങളും കേരളം നേടി.
ജനങ്ങൾക്ക് നീതിയും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കി മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിന് അചഞ്ചലമായ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി അഖിലേന്ത്യ സമ്മേളനം പ്രഖ്യാപിച്ചു.
മുന്നേറ്റത്തിന് കരുത്ത് പകരാൻ പുതുരേഖ
ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ പുതുമുന്നേറ്റത്തിന് സിഐടിയു ഏറ്റെടുക്കേണ്ട ചുമതലകൾ സംബന്ധിച്ച രേഖ ജനറൽ സെക്രട്ടറി തപൻ സെൻ അഖിലേന്ത്യ സമ്മേളനത്തിൽ അവതരിപ്പിച്ചു. രേഖ സമ്മേളനം ചർച്ചചെയ്ത് അംഗീകരിക്കും. സിഐടിയു സ്വന്തം നിലയ്ക്ക് രാജ്യവ്യാപകമായി ശേഷി വർധിപ്പിക്കുക, ട്രേഡ് യൂണിയൻ ഐക്യം ശക്തമാക്കുക, കർഷക – കർഷകത്തൊഴിലാളി സംഘടനകളുമായി ചേർന്ന് യോജിച്ച പോരാട്ടമുയർത്തുക എന്നീ പ്രധാന ലക്ഷ്യം മുൻനിർത്തിയാണ് ഭാവിപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക.
ശനിയാഴ്ച നാല് പ്രധാന വിഷയത്തെക്കുറിച്ചുള്ള രേഖകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. തൊഴിലാളികളുടെ ആഭ്യന്തര കുടിയേറ്റം, ആധുനിക ഉൽപ്പാദനമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കൽ, മാറുന്ന തൊഴിൽബന്ധങ്ങൾ, വർഗീയത എന്നീ വിഷയങ്ങളാണ് നാലു കമീഷനുകളായി തിരിഞ്ഞ് ചർച്ചചെയ്യുക.
സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ 58 പേർ പങ്കെടുത്തു. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ, അഖിലേന്ത്യ കിസാൻസഭാ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു എന്നിവർ സംസാരിച്ചു.
യോജിച്ച സമരം വിപുലമാക്കും: ഹേമലത
തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും യോജിച്ച സമരം തീവ്രവും വിപുലവുമാക്കേണ്ട ഘട്ടമാണിതെന്ന് സിഐടിയു പ്രസിഡന്റ് ഡോ. കെ ഹേമലത പറഞ്ഞു. ഇതിന് മുൻകൈയെടുക്കാൻ സിഐടിയു സംഘടനാപരമായി സ്വീകരിക്കേണ്ട നടപടികൾക്ക് സമ്മേളനം രൂപംനൽകുമെന്ന് അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ നവ ലിബറൽ നയങ്ങളെ ചെറുക്കാൻ യോജിച്ച പോരാട്ടമല്ലാതെ മാർഗമില്ല. ഏപ്രിൽ അഞ്ചിന് നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലി പുതിയ മുന്നേറ്റത്തിന് കരുത്തുപകരും. 2020 നവംബർ 26നും 2022 മാർച്ച് 28നും 29നും നടന്ന ദേശീയ പണിമുടക്ക് വൻ വിജയമായിരുന്നു. ചരിത്രവിജയമായ കർഷകസമരത്തിന് സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകളെല്ലാം ശക്തമായ പിന്തുണച്ചു. ഈ മാതൃകയിലുള്ള ചെറുത്തുനിൽപ്പും പ്രക്ഷോഭങ്ങളും രാജ്യവ്യാപകമായി ശക്തിപ്പെടുത്തുമെന്നും ഹേമലത പറഞ്ഞു.