ന്യൂഡൽഹി
വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച സംഭവത്തിൽ രാജിയുടെ വക്കിലെത്തിയ ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാനും എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെ സംരക്ഷിച്ച് കേന്ദ്രസർക്കാരും ഒളിമ്പിക്സ് അസോസിയേഷനും. വിഷയത്തിൽ ഒളിമ്പിക്സ് അസോസിയേഷൻ പ്രത്യേകയോഗം ചേർന്നെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗസമിതി രൂപീകരിച്ച് കൈകഴുകുകയായിരുന്നു.
അതിനിടെ ബ്രിജ് ഭൂഷൺ വെള്ളിയാഴ്ച നടത്താനിരുന്ന വാർത്താസമ്മേളനം ഒഴിവാക്കി. ‘സുനാമി’യുണ്ടാക്കാൻ പോകുന്ന വെളിപ്പെടുത്തൽ നടത്തും എന്ന് പ്രഖ്യാപിച്ചശേഷമാണ് പത്തിമടക്കി പിന്മാറിയത്. അതേസമയം, ജന്തർമന്തറിൽ സമരത്തിലുള്ള ഗുസ്തിതാരങ്ങൾ ചെയർമാന്റെ രാജിയിൽ കുറഞ്ഞൊന്നും പരിഗണിക്കില്ലെന്ന നിലപാടിലാണ്. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്റങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. താരങ്ങളുടെ പരാതിയിൽ 72 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷന് സമയപരിധി നൽകി. ഗുസ്തി താരവും ഹരിയാനയിലെ ബിജെപി നേതാവുമായ ബബിത ഫോഗട്ടും പ്രതിഷേധത്തിനൊപ്പമുണ്ട്. 2020 ടോക്കിയോ ഒളിമ്പിക്സിലെ തോൽവിക്ക് ശേഷവും ബ്രിജ് ഭൂഷൺ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും ആരോപിച്ചിട്ടുണ്ട്.
സംഭവത്തിൽ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ഫെഡറേഷൻ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയ്ക്ക് കത്ത് നൽകി. ഇതിന് പിന്നാലെയാണ് സമിതി രൂപീകരിച്ചത്. ഫെഡറേഷൻ ചെയർമാനെ നീക്കണമെന്ന ആവശ്യം അംഗീകരിച്ചുമില്ല.