തിരുവനന്തപുരം
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർപ്ലാൻ മൂന്നു ഘട്ടമായി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഹ്രസ്വ, ഇടത്തരം, ദീർഘ കാലം എന്നിങ്ങനെ മൂന്ന് കാലയളവിലായാണ് മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത്. 405 പദ്ധതിയാണ് ഏറ്റെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. റിയാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ മേധാവികളുടെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, റിയാബ് ചെയർമാൻ ഡോ.ആർ അശോക്, കെ കെ റോയ് കുര്യൻ, കെ പദ്മകുമാർ എന്നിവരും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ മോധാവിമാരും പങ്കെടുത്തു.സ്ഥാപനങ്ങളുടെ വൈവിധ്യവൽക്കരണത്തിനും വിപുലീകരണത്തിനുമായി 9000 കോടിയുടെ മാസ്റ്റർപ്ലാനാണ് നടപ്പാക്കുന്നത്. സ്ഥാപനങ്ങളെ കൂടുതൽ ശാക്തീകരിക്കുകയും അതിലൂടെ ഉല്പാദനവും വിപണനവും വർധിപ്പിക്കുകയും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. മാസ്റ്റർപ്ലാൻ പദ്ധതികൾ നടപ്പാക്കാൻ റിയാബിന്റെ കീഴിൽ മാസ്റ്റർപ്ലാൻ അഡ്വൈസറുടെ നേതൃത്വത്തിൽ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇവരാണ് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതും വിലയിരുത്തുന്നതും. 2000 കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന 175 ഹ്രസ്വകാല പദ്ധതികൾ അടുത്ത രണ്ടു വർഷത്തിനുള്ളിൽ നടപ്പാക്കും. ബജറ്റ് വിഹിതത്തിനുപുറമെ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും സഹകരണവും പ്രതീക്ഷിക്കുന്നു.