കൊച്ചി
ശബരിമലയിൽ കാണിക്കപ്പണം എണ്ണാൻ 479 ജീവനക്കാരെ നിയോഗിച്ചതായും 25നകം എണ്ണൽ പൂർത്തിയാക്കുമെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. പല വലിപ്പത്തിലുള്ള നാണയങ്ങളും നോട്ടുകളും യന്ത്രം ഉപയോഗിച്ച് എണ്ണുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും കോടതി വിലയിരുത്തി.
കാണിക്കപ്പണം സമയബന്ധിതമായി എണ്ണിത്തീർക്കാത്തതിനാൽ ലക്ഷക്കണക്കിന് നോട്ടുകൾ നശിക്കുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ദേവസ്വം വിജിലൻസ് വിഭാഗത്തോടും ശബരിമല സ്പെഷ്യൽ കമീഷണറോടും റിപ്പോർട്ട് നൽകാൻ കഴിഞ്ഞദിവസം അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമീഷണർ കൂടുതൽ സമയം തേടിയതിനാൽ ഹർജി 23ന് പരിഗണിക്കാൻ മാറ്റി.