തിരുവനന്തപുരം
‘രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്, പ്രതിരോധം ഉയർത്തുക’ മുദ്രാവാക്യവുമായി 30ന് ഗാന്ധിസ്മൃതി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് 207 കേന്ദ്രത്തിലാകും ഗാന്ധിസ്മൃതി. ഗാന്ധിഘാതകരുടെ പ്രവൃത്തികളെ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുകയാണ്. അലിഗഢിൽ ഹിന്ദുമഹാസഭാ സമ്മേളനത്തിൽ ഗാന്ധി ചിത്രത്തിലേക്ക് ആ സംഘടനയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്ന സംഭവമുണ്ടായി. കൊന്നിട്ടും പകതീരാതെ വീണ്ടും വീണ്ടും ഗാന്ധിയുടെ രൂപമുണ്ടാക്കി വെടിയുതിർക്കുകയാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന, രാജ്യത്തിന്റെ എല്ലാ ജനാധിപത്യമൂല്യങ്ങളെയും മുന്നോട്ടുനയിക്കുന്ന ആശയത്തെ ഇല്ലാതാക്കാൻ സംഘപരിവാർ നിരന്തരം ശ്രമിക്കുന്ന സാഹചര്യത്തിലാണ് രക്തസാക്ഷിത്വദിനത്തിൽ ഗാന്ധിസ്മൃതി സംഘടിപ്പിക്കുന്നത്.
സംസ്ഥാന നേതാക്കളും സാമൂഹ്യ, സാംസ്കാരിക പ്രമുഖരും പങ്കാളികളാകും. കേന്ദ്ര കമ്മിറ്റി അംഗം ഷിജൂഖാൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി അനൂപ്, സംസ്ഥാന കമ്മിറ്റി അംഗം വി എസ് ശ്യാമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.