റിയാദ്
ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഖാമുഖം കണ്ട സൗഹൃദപോരിൽ പിഎസ്ജിയ്ക്ക് ജയം. റൊണാൾഡോ നയിച്ച റിയാദ് ഓൾസ്റ്റാർ ഇലവനെ 5–-4ന് തോൽപിച്ചു. ഇടവേളയിൽ സ്കോർ 2–-2.
പിഎസ്ജിയുടെ ആദ്യഗോൾ മൂന്നാം മിനിറ്റിൽ മെസിയുടെ ബൂട്ടിൽനിന്നായിരുന്നു. കിലിയൻ എംബാപ്പെ, സെർജിയോ റാമോസ്, മാർക്വിന്യോസ്, ഹ്യൂഗോ എകിറ്റികെ എന്നിവർ പട്ടിക പൂർത്തിയാക്കി. എംബാപ്പെയുടെ ഗോൾ പെനൽറ്റിയിലാണ്. റിയാദ് ഇലവനായി റൊണാൾഡോ ഇരട്ട ഗോൾ നേടി. അതിലൊന്ന് പെനൽറ്റിയിലാണ്. ഹിയോൺ സൂ ജാങിന്റേതായിരുന്നു മൂന്നാം ഗോൾ. അവസാന നിമിഷം ടലിസ്ക ലീഡ് കുറച്ചു. പിഎസ്ജിക്കായി ലഭിച്ച പെനൽറ്റി നെയ്മർ പാഴാക്കി. സൗദി ഗോളി മുഹമ്മദ് അൽ ഒവെയ്സ് കിക്ക് രക്ഷപ്പെടുത്തി. പിഎസ്ജിയുടെ ജുവാൻ ബെർനറ്റ് ചുവപ്പ്കാർഡ് കണ്ടു.
മൂന്ന് വർഷത്തെ ഇടവേളക്കുശേഷമാണ് മെസിയും റൊണാൾഡോയും കളത്തിൽ നേർക്കുനേർ വരുന്നത്. റിയാദ് ഇലവനായി റൊണാൾഡോയുടെ പുതിയ ടീമായ അൽ നാസെറിന്റേയും അൽ ഹിലാലിന്റേയും കളിക്കാർ അണിനിരന്നു. സൗദിയിൽ റൊണാൾഡോയുടെ അരങ്ങേറ്റമായിരുന്നു.
റിയാദിലെ നിറഞ്ഞുകവിഞ്ഞ കിങ് ഫഹദ് സ്റ്റേഡിയത്തിലായിരുന്നു കാണികളെ രസിപ്പിച്ച കളി. റൊണാൾഡോ 61–-ാം മിനിറ്റിൽ കളംവിട്ടു. അടുത്ത നിമിഷം മെസിയും എംബാപ്പെയും പിൻമാറി.