തിരുവനന്തപുരം
സാമ്പത്തിക നിയന്ത്രണം കൊണ്ടുവന്ന് സർക്കാരിനെ ഞെരുക്കാനും തങ്ങളുടെ വഴിക്ക് കൊണ്ടുവരാനുമുള്ള കേന്ദ്രശ്രമത്തെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമ്പത്തികരംഗത്ത് കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരത്തോടെ ഉപരോധം ഏർപ്പെടുത്തുമ്പോൾ നിസ്സഹായരായി ക്ഷേമ നടപടികളിൽനിന്ന് പിന്നോട്ടുപോകില്ലെന്നും സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ പുനഃസംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
20 വർഷത്തിൽ കേരളത്തിന്റെ കടം 13 ഇരട്ടിയായി എന്നാണ് പ്രചരിപ്പിക്കുന്നത്. 20 വർഷംമുമ്പ് 63,000 കോടി രൂപയായിരുന്ന ആഭ്യന്തര വരുമാനം 10 ലക്ഷം കോടിയിലധികമായി. 9973 കോടി രൂപയായിരുന്ന റവന്യൂ വരുമാനം. 1.35 ലക്ഷം കോടിയായി. ആളോഹരി വരുമാനം 19,463 രൂപയിൽനിന്ന് 2.3 ലക്ഷവുമായി. ഈ കണക്കുകൾ മറച്ചുവച്ചാണ് പറയുന്നത്. കേന്ദ്ര സഹായംകൊണ്ടാണ് കേരളം പിടിച്ചുനിൽക്കുന്നതെന്നാണ് മറ്റൊരു പ്രചാരണം. ഇതും തെറ്റാണ്.
റവന്യൂ വരുമാനത്തിന്റെ സംസ്ഥാന ശരാശരിയിൽ 45 ശതമാനം കേന്ദ്ര വിഹിതമാണ്. ചില സംസ്ഥാനങ്ങൾക്ക് 75 ശതമാനംവരെ ലഭിക്കുമ്പോൾ കേരളത്തിൽ ഇത് 36 ശതമാനംമാത്രമാണ്. 10–-ാം ധനകമീഷൻ ഘട്ടത്തിൽ കേരളത്തിന്റെ നികുതി വിഹിതം 3.88 ശതമാനമായിരുന്നു. 15–-ാം ധനകമീഷനാകുമ്പോഴേക്കും 1.92 ശതമാനമാക്കി കുറച്ചു.
കേരളം കാര്യക്ഷമമായി നികുതി പിരിക്കുന്നില്ലെന്നും സ്ഥാപിത താൽപ്പര്യക്കാർ പ്രചരിപ്പിക്കുന്നു. 1,34,097 കോടി രൂപ റവന്യൂ വരുമാനത്തിൽ 85,867 കോടി രൂപയും തനത് വരുമാനമാണ്. 64 ശതമാനം നികുതി പിരിവിലൂടെ കേരളം കണ്ടെത്തുമ്പോൾ ദേശീയ ശരാശരി 55 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.