രഞ്ജന നിരുല- രഘുനാഥ് സിങ് മഞ്ച് (ബംഗളൂരു)
പല ഭാഷയിൽ ഒരേസമയം ചെ ഗുവേരയുടെ അമരസ്മരണ മുഴങ്ങി. ആവേശം ഉൾക്കൊണ്ട് അലെയ്ഡ ലാൽസലാം ഏറ്റുവിളിച്ചു. ക്യൂബയുടെയും ലാറ്റിനമേരിക്കയുടെയും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ സമുന്നത സമ്മേളനവേദിയിൽ വിശ്വ വിപ്ലവകാരിയുടെ മകൾക്ക് ഉജ്വല വരവേൽപ്പ്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഡോ. അലെയ്ഡ ഗുവേരയും മകൾ എസ്തഫാനിയ ഗുവേരയും സിഐടിയു അഖിലേന്ത്യ സമ്മേളന നഗറിൽ എത്തിയത്. സിഐടിയു പ്രസിഡന്റ് ഡോ. കെ ഹേമലതയും ജനറൽ സെക്രട്ടറി തപൻ സെന്നും ചേർന്ന് സ്വീകരിച്ചു. സമ്മേളനത്തിന്റെ ഉപഹാരമായി മെമന്റോ ഏറ്റുവാങ്ങിയ അലെയ്ഡയും എസ്തഫാനിയയും സിഐടിയു നേതാക്കൾ സമ്മാനിച്ച തലപ്പാവും ധരിച്ചാണ് മടങ്ങിയത്.
അനീതികൾക്കെതിരെ പൊരുതാനും സമൂഹത്തിൽ മാറ്റംകൊണ്ടുവരാനും ജനങ്ങളുടെ ഐക്യമാണ് ഏറ്റവും വലിയ ശക്തിയെന്ന് പ്രതിനിധികളെ അഭിവാദ്യംചെയ്ത അലെയ്ഡ പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ 90 മൈൽ അകലെ ക്യൂബ എന്ന ചെറുദ്വീപിൽ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുത്തത് ജനങ്ങളുടെ ഐക്യം കൊണ്ടാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഈവർഷം പലരും നിവൃത്തിയില്ലാതെ രാജ്യം വിട്ടുപോകുന്ന സാഹചര്യമുണ്ടായി. വേദനാജനകമായ ഈ പ്രതിസന്ധി മറികടക്കാൻ സർക്കാരും ജനതയും ഒരുമിച്ചുനിന്ന് പരിശ്രമിക്കുകയാണ്. ലോകത്തിന്റെ ഐക്യദാർഢ്യം ഇക്കാര്യത്തിൽ പ്രധാനമാണ്. ക്യൂബൻ വിപ്ലവം നിരന്തരം തുടർന്നുകൊണ്ടിരിക്കയാണെന്നും അലെയ്ഡ പറഞ്ഞു.