തിരുവനന്തപുരം
ടെക്നോപാർക്ക് നടപ്പാക്കുന്ന “ക്വാഡി’ന് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. ടെക്നോപാർക്കിന്റെ നാലാംഘട്ടമായ ടെക്നോസിറ്റിയിൽ, ഒരേ ക്യാമ്പസിൽ ജോലി, ഷോപ്പിങ്, പാർപ്പിടം, ആശുപത്രികൾ, സ്കൂൾ, കോളേജ് സൗകര്യങ്ങളുൾപ്പെടുന്ന സംയോജിത മിനി ടൗൺഷിപ് പദ്ധതിയാണ് ക്വാഡ്. ഏകദേശം 30 ഏക്കറിൽ 1600 കോടി രൂപയാണ് മുതൽമുടക്ക്. 40 ലക്ഷം ചതുരശ്രയടി ബിൽറ്റ്-അപ്പ് സ്പെയ്സാണ് പ്രതീക്ഷിക്കുന്നത്. 2025 പകുതിയോടെ പൂർത്തിയാക്കും.
അഞ്ചരയേക്കറിൽ ഏകദേശം 381 കോടി രൂപ മുതൽമുടക്കിൽ എട്ടര ലക്ഷം ചതുരശ്രയടിയിൽ 6000 ഐടി പ്രൊഫഷണലുകളെ ഉൾക്കൊള്ളുന്ന ഐടി ഓഫീസ് കെട്ടിടം ടെക്നോപാർക്ക് നിർമിക്കും. തനത് ഫണ്ടുപയോഗിച്ചോ വായ്പയെടുത്തോ പൂർണമായും വികസിപ്പിച്ച്, പ്രവർത്തിപ്പിക്കും. ഇത് പാട്ടത്തിനും നൽകും. 5.6 ഏക്കറിൽ 350 കോടി രൂപയിൽ ഒമ്പതു ലക്ഷം ചതുരശ്രയടിയിൽ വിവിധോദ്ദേശ്യ വാണിജ്യ സൗകര്യവും ഏർപ്പെടുത്തും.
നാലരയേക്കറിൽ 400 കോടി രൂപ മുതൽമുടക്കിൽ എട്ടു ലക്ഷം ചതുരശ്രയടിയിൽ നിർമിക്കുന്ന ഐടി, ഐടിഇസ് ഓഫീസ് സമുച്ചയത്തിൽ 6000 ഐടി പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകാനാകും. 10.6 ഏക്കറിൽ 450 കോടി രൂപ മുതൽമുടക്കിൽ 14 ലക്ഷം ചതുരശ്രയടിയിൽ റസിഡൻഷ്യൽ കോംപ്ലക്സും ഉണ്ടാകും.
വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ പരിശോധിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി കൺവീനറും ധന, റവന്യൂ, പരിസ്ഥിതി, തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, നിയമവകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളായ സമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.