ന്യൂഡൽഹി> പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത് സിങ് ബാദൽ പാർടിയിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. രാഹുൽഗാന്ധിക്ക് രാജിക്കത്ത് അയച്ച് മണിക്കൂറുകൾക്ക് അകമാണ് മൻപ്രീത് ബിജെപിയിൽ ചേർന്നത്. ഡൽഹി ബിജെപി ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അംഗത്വം നൽകി.
ബിജെപി അംഗത്വം എടുത്ത അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി. രാജ്യം പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടന്നതോടെ കോൺഗ്രസിൽനിന്ന് ബിജെപിയിലേക്കുള്ള കൂറുമാറ്റം വീണ്ടും തുടങ്ങി. കേന്ദ്രമന്ത്രിമാരും എംപിമാരും എംഎൽമാരുമടക്കം 180ലേറെപേരാണ് കോൺഗ്രസിൽനിന്ന് ഇതുവരെ ബിജെപിയിൽ ചേർന്നത്.