തിരുവനന്തപുരം
യൂത്ത് കോൺഗ്രസ് നേതൃക്യാമ്പായ ചിന്തൻശിബിരത്തിൽ ദളിത് യുവതിയെ പീഡിപ്പിച്ച വിവേക് എച്ച് നായർ കോൺഗ്രസ് ഉന്നത നേതാക്കളുടെ മാനസപുത്രൻ. യുവതിയുടെ ആദ്യ പരാതി അട്ടിമറിച്ചതിനു പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അടക്കം ഇടപെടലുണ്ടെന്ന് മഹിളാ കോൺഗ്രസിലെ ഉന്നത നേതാവടക്കം ആരോപിക്കുന്നു.
കൂടുതൽ വനിതാ നേതാക്കൾ ആക്ഷേപവുമായെത്തിയതോടെ ഗത്യന്തരമില്ലാതെയാണ് ഒരു വർഷത്തെ സസ്പെൻഷന് കെപിസിസി തയ്യാറായത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് മുമ്പും പരാതി ഉയർന്ന വിവേക് മുതിർന്ന നേതാക്കളുടെ പിന്തുണയിലാണ് യൂത്ത് കോൺഗ്രസ് നേതൃനിരയിലെത്തിയത്. തിരുവനന്തപുരം കോർപറേഷൻ സമരത്തിനിടെ സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്നാണ് ഒടുവിലുയർന്ന പരാതി. ചിന്തൻശിബിരത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ നേതാവായ ദളിത് യുവതിയെ മദ്യപിച്ചെത്തിയാണ് വിവേക് ആക്രമിച്ചത്. കിടക്ക പങ്കിടാൻ ക്ഷണിച്ചെന്നും സ്വകാര്യഭാഗത്ത് സ്പർശിച്ചെന്നും യുവതി യൂത്ത് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വത്തിനു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
അഖിലേന്ത്യ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് യൂത്ത് കോൺഗ്രസിൽനിന്ന് പുറത്താക്കിയതായി അറിയിപ്പുവന്നെങ്കിലും യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും പരിപാടികളിൽ ഇയാൾ തുടർന്നും സജീവമായി. ഇതിനിടയിലാണ് കോർപറേഷൻ സമരത്തിനിടെ സഹപ്രവർത്തകയോട് മോശമായി പെരുമാറിയത്. മുമ്പും വനിതകളോട് വിവേക് മോശമായി പെരുമാറിയിട്ടുണ്ടെന്നും നേതൃത്വത്തിന്റെ സംരക്ഷണമുള്ളതിനാൽ പ്രതികാര നടപടി ഭയന്നാണ് പലരും പരാതി പറയാൻ മടിച്ചിരുന്നതെന്നും മുൻ കെഎസ്യു നേതാവ് പറഞ്ഞു.