തിരുവനന്തപുരം
ഹയർ സെക്കൻഡറിയിലെ വിദ്യാർഥി പ്രവേശനം പഠിക്കാൻ സർക്കാർ നിയോഗിച്ച പ്രൊഫ. വി കാർത്തികേയൻ നായർ കമ്മിറ്റി നിർദേശങ്ങൾ ക്ഷണിച്ചു. ബാച്ചുകൾ പുനക്രമീകരിക്കേണ്ടത്, അധികബാച്ചുകളുടെ ആവശ്യകത, ഏകജാലക പ്രവേശന മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ചും നിർദേശങ്ങൾ 31 നകം ആർ സുരേഷ്കുമാർ, ജോയിന്റ് ഡയറക്ടർ മെമ്പർ സെക്രട്ടറി, ഹയർസെക്കൻഡറി ബാച്ച് പുനക്രമീകരണ കമ്മിറ്റി , ഹൗസിങ് ബോർഡ് ബിൽഡിങ്സ്, തിരുവനന്തപുരം-–- 1 വിലാസത്തിൽ അയക്കണം. ഇമെയിൽ hsebatchreorganisation2023@gmail.com.
മേഖലാ സിറ്റിങ്
ഫെബ്രുവരി 20നകം
കമ്മിറ്റി മുമ്പാകെ നേരിട്ടും ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ ഹയർ സെക്കൻഡറി മേഖലാ ഉപഡയറക്ടർമാരുടെ ഓഫീസുകൾ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 നകം സിറ്റിങ് നടത്തും. പ്രാദേശികമായ ആവശ്യകത കണക്കിലെടുത്ത് ചില ജില്ലകളിൽ പ്രത്യേക സിറ്റിങ്ങും ഉണ്ടാകും. അറിയിപ്പ് പിന്നീട് നൽകും. താലൂക്കടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ആവശ്യകതയും മുൻ വർഷങ്ങളിലെ പ്രവേശന കണക്കും വിലയിരുത്തിയാകും നിർദേശങ്ങൾ പരിഗണിക്കുക. എംഎൽഎമാർക്കും, ജില്ലാപഞ്ചായത്തുകൾക്കും, പിടിഎകൾക്കും, മാനേജ്മെന്റുകൾക്കും അധ്യാപക സംഘടനകൾക്കും ഈ അവസരം വിനിയോഗിക്കാം.മാർച്ച് 31 നകം വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.