തിരുവനന്തപുരം
കേരളത്തിലെ ബിജെപി അധ്യക്ഷസ്ഥാനത്ത് കെ സുരേന്ദ്രൻ തുടരുമെങ്കിലും ഭരണം നടത്തുക പ്രഭാരി പ്രകാശ് ജാവ്ഡേക്കർ. ദേശീയ അധ്യക്ഷനടക്കം എല്ലാ ഭാരവാഹികളും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറേണ്ടതില്ലെന്നാണ് ദേശീയ നിർവാഹകസമിതിയോഗ തീരുമാനം. എന്നാൽ കെ സുരേന്ദ്രന്റെ കാര്യത്തിൽ ആരും ഉറപ്പ് നൽകുന്നില്ല. ‘ അതൊക്കെ നദ്ദ പിന്നീട് പറയും ’ എന്നായിരുന്നു അമിത് ഷായുടെ മറുപടി.
സുരേന്ദ്രൻ തുടർന്നാലും പ്രസിഡന്റിന്റെ ജോലികൾ ഏറ്റടുത്ത് നടപ്പാക്കുന്നത് പ്രഭാരി ജാവ്ഡേക്കർ ആണെന്ന് സുരേന്ദ്ര വിരുദ്ധപക്ഷക്കാർ വ്യാപക പ്രചാരണവും നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലും ലോക്സഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജില്ലാ, പ്രാദേശിക നേതാക്കളെ കൈയിലെടുക്കുകയാണ് ജാവ്ഡേക്കർ. കേരളത്തിലെ സ്ഥിതിഗതികൾ സംബന്ധിച്ച് വി മുരളീധരനും സുരേന്ദ്രനും മുൻപ്രഭാരി സി പി രാധാകൃഷ്ണനും നൽകുന്ന പല വിവരങ്ങളും തെറ്റാണെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ സ്വാധീനം ചെലുത്തി വോട്ട് ചോർത്താമോ എന്നും നോക്കുന്നുണ്ട്. ഇതിനായി പ്രാദേശിക ബന്ധം മാത്രമല്ല മലയാളം മനസ്സിലാക്കാനുള്ള ശ്രമവും ജാവ്ഡേക്കർ തുടങ്ങി. അടുത്തിടെ ബിജെപി സംസ്ഥാന സെക്രട്ടറി സുരേഷ് തന്റെ പ്രസംഗം തർജിമ ചെയ്തപ്പോൾ ‘ ഞാൻ പറയുന്നതിന്റെ മലയാളമാണ് പറയേണ്ടത്, നിങ്ങൾക്ക് തോന്നിയതല്ല ’ എന്ന ജാവ്ഡേക്കറുടെ കമന്റ് കേട്ട് സകല ബിജെപി നേതാക്കളും ഞെട്ടിയിരിക്കുകയാണ്.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ : കുറ്റപത്രം കോടതി സ്വീകരിച്ചു
മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി കോഴ നൽകി നാമനിർദേശപത്രിക പിൻവലിപ്പിച്ച കേസിലെ കുറ്റപത്രം ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് സമർപ്പിപ്പ കുറ്റപത്രത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആണ് ഒന്നാം പ്രതി. ബിജെപി നേതാക്കളായ കെ മണികണ്ഠ റൈ, സുരേഷ് നായിക്, സുനിൽ നായിക്, അഡ്വ. വി ബാലകൃഷ്ണ ഷെട്ടി, ലൊക്കേഷ് നോഡ എന്നിവരാണ് രണ്ടു മുതൽ ആറുവരെ പ്രതികൾ. പ്രതികൾക്ക് വാറണ്ട് അയക്കും. കോടതിയിൽ ഹാജരാകുന്ന പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. 1,200 പേജുള്ള കുറ്റപത്രത്തിൽ 190 സാക്ഷിമൊഴികളുണ്ട്. മൊബൈൽഫോൺ സംഭാഷണങ്ങൾ, സന്ദേശങ്ങൾ, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകളുമുണ്ട്.
ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിക്കൽ, പട്ടികജാതി–- പട്ടികവർഗക്കാരോടുള്ള അതിക്രമം, തെളിവുനശിപ്പിക്കൽ, അന്യായമായി തടങ്കലിൽവയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.