തിരുവനന്തപുരം
കോവിഡ് മഹാമാരിയിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് ഭാവി തയ്യാറെടുപ്പും രോഗപ്രതിരോധ അജൻഡകളും രൂപപ്പെടുത്തണമെന്ന് ജി 20 ആരോഗ്യപ്രവർത്തക സമിതിയുടെ ആദ്യയോഗം. ഇന്ത്യ അധ്യക്ഷപദം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ആരോഗ്യ പ്രവർത്തകസമിതി യോഗം കോവളം ലീല റാവിസിലാണ് നടക്കുന്നത്.
കോവിഡ് ലോകം നേരിട്ട അവസാന മഹാമാരിയല്ലെന്നും ആരോഗ്യ പ്രതിസന്ധികളെ അഭിമുഖീകരിച്ച് സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ തടയാനുള്ള തയ്യാറെടുപ്പും പ്രതിരോധവും, മരുന്നുനിർമാണ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തൽ, ഡിജിറ്റൽ ഹെൽത്ത് ഇന്നൊവേഷൻ ആൻഡ് സൊല്യൂഷൻസ് എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകുന്ന യോഗം വെള്ളിയാഴ്ച സമാപിക്കും. ജി 20 അംഗരാജ്യ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായ ഒമ്പത് രാജ്യങ്ങളും ലോകാരോഗ്യ സംഘടന, ലോകബാങ്ക്, ലോക സാമ്പത്തികവേദി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
വിദേശ സഹമന്ത്രി വി മുരളീധരൻ, നിതി ആയോഗ് അംഗം ഡോ. വി കെ പോൾ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറി ഡോ. രാജീവ് ബഹൽ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ അഡീഷണൽ സെക്രട്ടറി ലവ് അഗർവാൾ, വിദേശ മന്ത്രാലയ അഡീഷണൽ സെക്രട്ടറി അഭയ് താക്കൂർ എന്നിവരും പങ്കെടുത്തു.