തലശേരി
കോവിഡ്കാലത്ത് അടച്ച രാജ്യത്തെ എൻടിസി (നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ) മില്ലുകളിലെ പതിനായിരത്തോളം സ്ഥിരം തൊഴിലാളികൾക്കുള്ള വേതനം മുടങ്ങി.
അടച്ചിടൽകാലത്ത് കേന്ദ്രസർക്കാർ വാഗ്ദാനംചെയ്ത 35 ശതമാനം വേതനമാണ് മൂന്നു മാസമായി നിലച്ചത്. വിരമിക്കുന്നവർക്കുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യവുമില്ല. താൽക്കാലികക്കാരായ പതിനായിരത്തോളം തൊഴിലാളികൾക്ക് മിൽ അടച്ചതു മുതൽ ഒരുരൂപപോലും സഹായം ലഭിച്ചിട്ടില്ല. കോവിഡ് ലോക്ഡൗണിനെത്തുടർന്ന് 2020 മാർച്ചിലാണ് കേരളവും തമിഴ്നാടും മഹാരാഷ്ട്രയുമടക്കം ഏഴു സംസ്ഥാനത്തെ 23 എൻടിസി മില്ലുകൾ അടച്ചത്. തിരുവനന്തപുരം വിജയമോഹിനി, തൃശൂർ അളഗപ്പ, കേരളലക്ഷ്മി, കണ്ണൂർ സ്പിന്നിങ് മിൽ, മാഹി സ്പിന്നിങ് മിൽ എന്നിവയും ഇതിലുൾപ്പെടും. താൽക്കാലിക ജീവനക്കാരടക്കം 2,500 തൊഴിലാളികൾ കേരളത്തിൽമാത്രം തൊഴിൽരഹിതരായി. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം ഫണ്ട് അനുവദിച്ചാലേ മില്ലുകൾ തുറക്കൂവെന്നാണ് നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ നിലപാട്. കെട്ടിക്കിടക്കുന്ന നൂൽ വിറ്റാലുടൻ തുറക്കുമെന്നായിരുന്നു രാജ്യസഭയിൽ ടെക്സ്റ്റൈൽ മന്ത്രിയുടെ വാക്ക്. നൂൽ വിറ്റിട്ടും മില്ലുകൾ തുറന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ തുറന്ന വിജയമോഹിനിയും കണ്ണൂർ മില്ലും വോട്ടെണ്ണൽ കഴിഞ്ഞതോടെ വീണ്ടും അടച്ചു. മിൽ തുറക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യഗ്രഹമടക്കം പല സമരങ്ങളും നടന്നെങ്കിലും കേന്ദ്രസർക്കാർ കണ്ണുതുറക്കുന്നില്ല. വർഷങ്ങളായി ഉപയോഗിക്കാതെ മില്ലിലെ മെഷീനുകൾ തുരുമ്പെടുക്കുകയാണ്.