തിരുവനന്തപുരം
സർക്കാർ വാഹനങ്ങളിലെ ‘കേരള സ്റ്റേറ്റ്’ ബോർഡ് മുഖ്യമന്ത്രിമുതൽ അഡീഷണൽ ചീഫ് സെക്രട്ടറിവരെയുള്ളവർക്കായി പരിമിതപ്പെടുത്താൻ ഗതാഗത വകുപ്പിന്റെ ശുപാർശ. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, വകുപ്പ് സെക്രട്ടറിമാർ എന്നിവരുടെയും സർക്കാർ വകുപ്പുകളുടെയും വാഹനങ്ങളിൽ ‘ഗവൺമെന്റ് ഓഫ് കേരള ’ബോർഡ് വയ്ക്കണം. സ്വകാര്യവാഹനങ്ങളിൽ ബോർഡ് വയ്ക്കുന്നതിലും നിയന്ത്രണമുണ്ട്. സെക്രട്ടറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിമുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ളവർക്ക് ബോർഡ് വയ്ക്കാൻ നൽകിയിരുന്ന അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ വാഹനങ്ങൾക്ക് ‘കെ എൽ 99’ രജിസ്ട്രേഷൻ നൽകാനും മുഖ്യമന്ത്രിക്ക് സമർപ്പിച്ച ശുപാർശയിൽ പറയുന്നു. കെ എൽ 99 (സംസ്ഥാന സർക്കാർ വാഹനങ്ങൾ) കെ എൽ 99 ബി (കേന്ദ്ര സർക്കാർ) വാഹനങ്ങൾ, സി (തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾ), ഡി (പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങൾ) എന്നിങ്ങനെയാകും. ഇതിനായി മോട്ടോർ വാഹന നിയമത്തിലെ ‘92 എ’ ചട്ടം ഭേദഗതി ചെയ്യണം.
മറ്റ് ശുപാർശകൾ
● ചുവന്ന പ്രതലത്തിൽ വെളുത്ത അക്ഷരങ്ങൾ: എംപി, എംഎൽഎ, പിഎസ്സി ചെയർമാൻ, അംഗങ്ങൾ, അഡ്വക്കറ്റ് ജനറൽ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, ജുഡീഷ്യൽ ഓഫീസർമാർ
● വെളുത്ത പ്രതലത്തിൽ ചുവന്ന അക്ഷരങ്ങൾ: മേയർ, ഡെപ്യൂട്ടി മേയർ, നഗരസഭ ചെയർമാന്മാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് വാഹനങ്ങൾ
● നീല പ്രതലത്തിൽ വെളുത്ത അക്ഷരങ്ങൾ: സർവകലാശാല, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങൾ
● വെളുത്ത പ്രതലത്തിൽ നീല അക്ഷരങ്ങൾ: സഹകരണസ്ഥാപനങ്ങളുടെ വാഹനങ്ങൾ