ഖമ്മം
സ്വാതന്ത്ര്യത്തിനായുള്ള ജനകീയ ചെറുത്തുനിൽപ്പിലൂടെ, മണ്ണിനെ ചുവപ്പിച്ച തെലങ്കാനയിലെ വീരഭൂമിയിൽനിന്ന് സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഐക്യപോരാട്ടത്തിന് തുടക്കം. അവകാശപോരാട്ടങ്ങൾക്കുവേണ്ടി, കർഷകരുടെ ചോരയും നീരുംകൊണ്ട് ചുവന്ന മണ്ണിൽ വർഗീയ–-ഫാസിസ്റ്റ് ശക്തിക്കെതിരായ രണഭേരി മുഴങ്ങി. വരണ്ടമണ്ണിൽ, കർഷകപോരാട്ടങ്ങൾക്കുശേഷം ഇന്നോളം രാജ്യംകണ്ട ഏറ്റവും വലിയ ജനസാഗരം അണിനിരന്ന റാലി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
തെലങ്കാനയിലെ ഖമ്മത്ത് ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്) സംഘടിപ്പിച്ച റാലി പ്രതിപക്ഷ പാർടി നേതാക്കളുടെ ഒത്തുചേരലായും മാറി. തെലങ്കാനയിലെ ആബാലവൃദ്ധവും നിറഞ്ഞ മൈതാനത്തിലേക്ക് കയറിപ്പറ്റാൻ വൈകിട്ട് സമ്മേളനം തുടങ്ങിയശേഷവും ആയിരങ്ങൾ തിക്കിത്തിരക്കിയെത്തി.
റാലിയിൽ ബിജെപിക്കെതിരെ ഐക്യപോരാട്ടത്തിന്റെ മുദ്രാവാക്യമുയർന്നു. ബിജെപി ഭരണം ജനാധിപത്യത്തിനും രാജ്യത്തിനും ആപത്താണെന്ന് പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിമാരായ കെ ചന്ദ്രശേഖർ റാവു, അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് സിങ് മൻ, സമാജ്വാദി പാർടി നേതാവ് അഖിലേഷ് യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്ര തുടങ്ങിയവർ സംസാരിച്ചു.
രാജ്യത്തെ രക്ഷിക്കാൻ ഒരുമിക്കണം : പിണറായി വിജയൻ
സ്വതന്ത്ര്യസമരത്തിൽക്കൂടി നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഐക്യപോരാട്ടം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച, രാഷ്ട്ര പിതാവിനെ വെടിവച്ചുകൊന്ന ആശയമാണ് രാജ്യം ഭരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലൂടെ നാം നേടിയ മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സമത്വം തുടങ്ങിയ അവകാശങ്ങളെയെല്ലാം ബിജെപി അട്ടിമറിക്കുന്നു.
രാജ്യത്തിന്റെ ഈ പിന്നോട്ടുപോക്കിനെ ചെറുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇതിനായുള്ള കൂട്ടായ ചെറുത്തുനിൽപ്പ് ജനകീയസമരത്തിന്റെ ചരിത്രംപേറുന്ന തെലങ്കാനയിലെ ഖമ്മത്തിന്റെ മണ്ണിൽനിന്ന് തുടങ്ങുകയാണെന്നും പിണറായി പറഞ്ഞു. ഖമ്മത്ത് ഭാരത് രാഷ്ട്ര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിപക്ഷ പാർടികളുടെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കാനാണ് ശ്രമം. ചാൻസലർ പദവി ദുരുപയോഗം ചെയ്ത് ഉന്നതവിദ്യാഭ്യാസ മേഖലയെ വരുതിയിലാക്കുന്നു. സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ തടഞ്ഞുവയ്ക്കുന്നു. ജനാധിപത്യത്തെയും രാജ്യത്തെയും സംരക്ഷിക്കാൻ ഇത്തരം നീക്കങ്ങളെ ഒത്തൊരുമിച്ച് പ്രതിരോധിച്ചേ മതിയാകൂ.
ജനാധിപത്യം അപകടത്തിലാണ്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സർക്കാരുകളെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കുന്നു. നാനാത്വത്തിൽ ഏകത്വം മുഖമുദ്രയായ രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ നോക്കുന്നു. ജുഡീഷ്യറിയുടെ സ്വതന്ത്ര്യംപോലും ആക്രമിക്കപ്പെടുന്നു.
പല ഭാഷകളും സംസ്കാരങ്ങളുമുള്ള നാട്ടുരാജ്യങ്ങൾ ഇന്ത്യ എന്ന ഒറ്റ ആശയമായി രൂപപ്പെട്ടത് സ്വാതന്ത്ര്യസമരത്തിലാണ്. ഈ സമരത്തെ ഒറ്റുകൊടുത്തവരാണ് തികഞ്ഞ ഹിന്ദുമതവിശ്വാസിയായിരുന്ന രാഷ്ട്രപിതാവിനെ വധിച്ചത്. ഹിന്ദു വിശ്വാസവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം ഇതിൽനിന്നുതന്നെ വ്യക്തം. ഹിന്ദുത്വവാദത്തിലൂന്നി രാജ്യത്ത് വർഗീയവിഭജനം സൃഷ്ടിച്ച് കേന്ദ്രത്തിന്റെ വികലനയങ്ങൾക്കെതിരായ ജനരോഷത്തെ വഴിതിരിച്ചുവിടാനാണ് ശ്രമം. ഇതിനെതിരായി ജന ഐക്യം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.