തിരുവനന്തപുരം
പാവങ്ങളും പണിയെടുക്കുന്നവരും കൈപിടിച്ചുയർത്തിയ വിപ്ലവാക്ഷര പ്രകാശം ദേശാഭിമാനിയുടെ എൺപതാം വാർഷികാഘോഷത്തിന് സാർഥക സമാപനം. കേരളമണ്ണിന്റെ മണവും രുചിയും ചരിത്ര, പൗരാണികതയും പാട്ടുപാരമ്പര്യങ്ങളും സംവദിച്ചെത്തിയ അഞ്ചുമാസത്തെ ആഘോഷപരിപാടികളുടെ സമാപനമാണ് തലസ്ഥാനനഗരിയിൽ വർണപ്രഭ ചൊരിഞ്ഞത്. സെപ്തംബർ ആറിന് ജന്മനാടായ കോഴിക്കോട്ട് ആരംഭിച്ച്, എല്ലാ ജില്ലകളിലും പ്രാദേശിക സെമിനാറുകളും ചർച്ചകളും ചരിത്ര പ്രദർശനങ്ങളും ഒരുക്കിയാണ് വാർഷികാഘോഷം സമാപിക്കുന്നത്.
സാധാരണക്കാരായ ജനലക്ഷങ്ങളുടെ അവകാശപോരാട്ടങ്ങൾക്ക് നേർപടയാളിയായി മുന്നിൽ നിൽക്കുന്ന ദേശാഭിമാനിയുടെ കുതിപ്പിന് ചെഞ്ചിറകേകുന്നതായിരുന്നു ആഘോഷങ്ങളത്രയും. അക്ഷരങ്ങൾ ചേർത്തുവച്ചൊരുക്കുന്ന വിപ്ലവജ്വാലയുടെ കരുത്തും സ്വാധീനവും തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തിന്റെ ചരിത്രവീഥികളിലൂടെ കടന്നുവന്ന ജനസഞ്ചയം.
എൺപതാം വാർഷികാഘോഷ സമാപനം ബുധൻ വൈകിട്ട് നിശാഗന്ധിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി സമഗ്ര സംഭാവനാ പുരസ്കാരം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ മുൻ ചീഫ് എഡിറ്റർമാർ, ജനറൽ മാനേജർമാർ, ജനറൽ എഡിറ്റർ എന്നിവരെ ആദരിച്ചു. തുടർന്ന് പ്രൊജക്ട് മലബാറിക്കസ് നേതൃത്വത്തിൽ സിതാര കൃഷ്ണകുമാർ, ഹിഷാം അബ്ദുൾ വാഹാബ്, നിരഞ്ജ് സുരേഷ് എന്നിവർ നയിച്ച മ്യൂസിക് ഷോ, രാജേഷ് ചേർത്തലയുടെ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിച്ച നൃത്തം എന്നിവയും അരങ്ങേറി.