ഖമ്മം (തെലങ്കാന)
കേന്ദ്ര ബിജെപി സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതികളൊന്നും ഫലപ്രാപ്തിയിലെത്തിയില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. മേക് ഇൻ ഇന്ത്യ സംരംഭം ‘ജോക് ഇൻ ഇന്ത്യ’ ആയി. രാജ്യത്ത് എല്ലാ നഗരത്തിലും ചൈന വസ്തുക്കളുടെ വിപണി സജീവമായി. ഭാരത് രാഷ്ട്ര സമിതി( ബിആർഎസ്) ഖമ്മത്ത് സംഘടിപ്പിച്ച ആദ്യ റാലിയിൽ സംസാരിക്കുകയായിരുന്നു കെസിആർ. ബിആർഎസ് ഉൾപ്പെടുന്ന സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ സൈന്യത്തെ കരാർ വൽക്കരിച്ച അഗ്നിപഥ് പദ്ധതി റദ്ദാക്കും. രാജ്യത്ത് കർഷകർക്ക് വൈദ്യൂതി സൗജന്യമാക്കുമെന്നും കെസിആർ വാഗ്ദാനം ചെയ്തു.
മോദി സർക്കാരിന്റെ
നാളുകൾ എണ്ണപ്പെട്ടു: അഖിലേഷ് യാദവ്
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടെന്ന് സമാജ്വാദി പാർടി നേതാവ് അഖിലേഷ് യാദവ് റാലിയിൽ പങ്കെടുത്ത് പറഞ്ഞു. അടുത്ത 399 ദിവസങ്ങൾക്കപ്പുറം ബിജെപി സർക്കാർ അധികാരത്തിൽനിന്ന് പുറത്തുപോകും. നാനൂറാം നാൾ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്ന് അഖിലേഷ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ മതനിരപേക്ഷ, ജനാധിപത്യ പാർടികളും ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ഖമ്മം റാലി വിജയത്തിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.