തിരുവനന്തപുരം > ഭൂരിപക്ഷം മാധ്യമങ്ങളും വലതുപക്ഷ താല്പര്യങ്ങള്ക്ക് വേണ്ടി വാര്ത്തകള് സൃഷ്ടിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഈ മാധ്യമങ്ങള്ക്ക് മുതല്മുടക്കുന്നവര് കോര്പ്പറേറ്റുകള് ആണ്. വാര്ത്തകള് നിക്ഷ്പക്ഷമെന്ന വാദം ശുദ്ധ അസംബന്ധമാണ്. മാധ്യമങ്ങളില് കോര്പ്പറേറ്റ്വത്കരണം നടന്നാല് നാലാം തൂണായല്ല, ജനങ്ങള്ക്ക് നേരെയുള്ള ആയുധമായാണ് മാധ്യമം മാറുകയെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയുടെ 80-ാം വാര്ഷികാഘോഷങ്ങളുടെ സമാപന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ സര്ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ മുന്നിര പടയാളിയായി മാധ്യമങ്ങള് പ്രവര്ത്തിച്ചു. കേരളത്തിന്റെ വികസനം മുരടിപ്പിക്കുന്ന നിലപാടിലേക്ക് വരെ ചില മാധ്യമങ്ങള് കടന്നു. സംസ്ഥാനത്തിന് പാര വയ്ക്കുന്ന നിലപാടാണ് കേന്ദ്രത്തിനെന്നും കോര്പ്പറേറ്റ് മുതലാളിയുടേതല്ലാത്ത പത്രമാണ് ദേശാഭിമാനിയെന്നും എം വി ഗോവിന്ദന് പറഞ്ഞു. എല്ലാ മൂലധനത്തില് നിന്നും വ്യത്യസ്തമാണ് മാധ്യമമൂലധനം. മാധ്യമമൂലധനത്തിന്റെ ആദ്യ കടമ്പ ലാഭം തന്നെയാണ്. ആശയരൂപീകരണത്തില് മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.