തിരുവനന്തപുരം > ദേശാഭിമാനിക്ക് തങ്ങളുടെ ദൗത്യം കൃത്യമായി നിർവഹിക്കാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശാഭിമാനി ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്തായിരുന്നു എന്ന് ചിന്തിക്കണം. വലതുപക്ഷ മാധ്യമങ്ങൾ സമൂഹത്തിൽ തെറ്റായ വാർത്ത സൃഷ്ടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ അത് തുറന്നുകാട്ടാൻ ദേശാഭിമാനിക്ക് കഴിയുന്നു – ദേശാഭിമാനി എൺപതാം വാർഷികാഘോഷത്തിന്റെ സമാപനവേദിയിൽ ദേശാഭിമാനി പുരസ്കാരം അടൂർ ഗോപാലകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾക്ക് മാധ്യമധർമം നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അപൂർവം ചില ഇടതുപക്ഷ മാധ്യമങ്ങളും അത്യപൂർവമായ ചില മാധ്യമങ്ങളുമാണ് ഇതിൽനിന്ന് വ്യത്യസ്തമായുള്ളത്. മാധ്യമങ്ങളുടെ താൽപ്പര്യമെന്നാൽ മാനേജ്മെന്റുകളുടെ താൽപ്പര്യമാണ്. പ്രത്യേക അജൻഡയിലൂന്നി കാര്യങ്ങൾ ജനങ്ങളിലെത്തിക്കാനാണ് അവർ ശ്രമിക്കുന്നത്. രാജ്യത്തെ മാധ്യമങ്ങൾ മാനേജ്മെന്റ് താൽപ്പര്യം മാത്രമല്ല സംരക്ഷിക്കുന്നത്. ഇന്ത്യയിലെ സർക്കാർ തങ്ങളുടെ ഇംഗിതമനുരിച്ച് കാര്യങ്ങൾ നിർവഹിക്കാൻ മാധ്യമങ്ങളെ നിർബന്ധിക്കുന്നു. വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങൾക്കുപോലും അതു തുടരാൻ കഴിയാത്ത സ്ഥിതിയുണ്ട്. സാമ്പത്തിക ഇടപെടലിലൂടെവരെ മാധ്യമങ്ങളെ സ്വാധീനിക്കുന്നു.
യഥാർഥ വാർത്തകളല്ല, തങ്ങളുടെ താൽപ്പര്യങ്ങൾക്കുവേണ്ടി വാർത്ത സൃഷ്ടിക്കുകയും മെനയുകയും ചെയ്യുന്നു. ഇവിടെയാണ് ദേശാഭിമാനിയുടെ പ്രസക്തി. സിപിഐ എം മുഖപത്രമാണെങ്കിലും പൊതുവായ വർത്തമാന പത്രമായാണ് ദേശാഭിമാനി പ്രവർത്തിക്കുന്നത്. ഇടതുപക്ഷത്തിനാകെയും ഇടതുപക്ഷ ചിന്താഗതിക്കാരായ വലിയ വിഭാഗം ആളുകൾക്കും ആശ്രയിക്കാവുന്ന പത്രമായി. അധികാരത്തിന്റെ ധാർഷ്ട്യത്തിനു മുന്നിൽ തലകുനിക്കാത്ത പാരമ്പര്യമുള്ള ദേശാഭിമാനിക്ക് ആ നില തുടരാനാകണം. അധികാരിവർഗത്തിന്റെ തെറ്റായ കാര്യങ്ങൾ തുറന്നുകാട്ടണം. ന്യൂനപക്ഷ–- ഭൂരിപക്ഷ വർഗീയതകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ കഴിയണം.
മലയാള ചലച്ചിത്രശാഖയുടെ യശ്ശസ് ലോകമാകെ എത്തിച്ച പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. മലയാള സിനിമയിൽ ഒഴുക്കിനെതിരെ നീന്തി നവഭാവുകത്വം ഉർത്തിപ്പിടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സ്വയംവരത്തിനു മുമ്പ് സിനിമ സംസാരിച്ചത് കഥാപാത്രങ്ങളിലൂടെയാണെങ്കിൽ സ്വയംവരം അതിൽ മാറ്റംവരുത്തി. ദൃശ്യഭാഷ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കലാരൂപമെന്ന ആശയം അരക്കിട്ടുറപ്പിച്ചതിൽ അടൂർ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.