കൊച്ചി > എക്സൈസും പൊലീസും വിവിധയിടങ്ങളിൽനടത്തിയ പരിശോധനയിൽഎംഡിഎംഎയുമായി നാലുപേർപിടിയിൽ. കാക്കനാട്, എൻജിഒ ക്വാർട്ടേഴ്സ് ഭാഗങ്ങളിൽനടത്തിയ പരിശോധനയിൽ കാക്കനാട് ടിവി സെന്റർ ഇടനക്കചാലിൽ വീട്ടിൽഅഷ്കർ നസീർ(21), കൊടുങ്ങല്ലൂർ എടത്തുരുത്തി തണ്ടാശേരി വീട്ടിൽ ടി എ ജാക്ക് (22) എന്നിവരാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. ഇടപ്പള്ളിയിലെ ലോഡ്ജിൽനിന്ന് കാസർകോട് ഉപ്പള മടക്ക് ഹൗസിൽ മുഹമ്മദ് അർഷാദ് (47), തൃക്കാക്കര മരോട്ടിച്ചുവടിലെ ചായക്കടയിൽനിന്ന് കരുനാഗപ്പിള്ളി സ്വദേശി യാസിമി (25)നെയും പൊലീസ് പിടികൂടി.
കാക്കനാട്ടെ പരിശോധനയിൽ പിടിയിലായവരിൽനിന്ന് 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ആവശ്യക്കാർക്ക് താമസസ്ഥലങ്ങളിൽ എംഡിഎംഎ എത്തിക്കുന്നവരാണിവർ. കഴിഞ്ഞമാസം തൃക്കാക്കരയിൽ പിടിയിലായവർ നൽകിയ വിവരത്തെ തുടർന്ന് ഇരുവരും സിറ്റി മെട്രോ ഷാഡോയുടെയും എറണാകുളം ഇന്റലിജൻസ് വിഭാഗത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. മൊബൈൽ നമ്പർ മാറ്റിമാറ്റി ഉപയോഗിച്ചായിരുന്നു ഇടപാടുകൾ. എൻജിഒ ക്വാർട്ടേഴ്സിന് അടുത്ത് കിഴക്കേക്കര റോഡിലെ അപ്പാർട്ട്മെന്റിൽ ഇവർ മയക്കുമരുന്നുമായി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം എസ് ഹനീഫ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ ജി അജിത്കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ ഡി ടോമി, പി പത്മഗിരീശൻ, പി സി സനൂപ്, സി ജി പ്രമിത എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. ഇടപ്പള്ളിയിലെ ലോഡ്ജിൽ കളമശേരി പൊലീസ് ഇൻസ്പെക്ടർ പി ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചി സിറ്റി ഡാൻസാഫും നടത്തിയ പരിശോധനയിൽ 3.6 ഗ്രാം എംഡിഎംഎയുമായാണ് മുഹമ്മദ് അർഷാദ് പിടിയിലായത്. തൃക്കാക്കര, മരോട്ടിച്ചുവടിലുള്ള ചായക്കടയിൽ നടത്തിയ പരിശോധനയിൽ യാസിമിൽനിന്ന് ആറ് ഗ്രാം എംഡിഎംഎ കണ്ടെത്തി. തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ആർ ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചി സിറ്റി – ഡാൻസാഫുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.