കൊച്ചി
‘നവകേരളം; ജനപക്ഷ സിവില്‍ സര്‍വീസ്’ എന്ന മുദ്രാവാക്യമേറ്റെടുത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് കേരള എൻജിഒ യൂണിയൻ വജ്രജൂബിലി ആഘോഷത്തിന് തുടക്കമായി. സാമൂഹ്യ പ്രതിബദ്ധതയുള്ള സിവിൽ സർവീസിന് നേതൃത്വം നൽകുന്ന ജീവനക്കാരും ഇന്നലെകളിലെ അവകാശപോരാട്ടങ്ങളുടെ മുന്നണിപ്പോരാളികളും സംഗമിച്ച വേദിയിൽ വജ്രജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സമരചരിത്രത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും ഇന്നലെകൾ കോർത്തിണക്കിയ വജ്രജൂബിലി തീം സോങ്ങും ലോഗോയും മന്ത്രി പി രാജീവ്, പ്രൊഫ. എം കെ സാനുവിന് നൽകി പ്രകാശിപ്പിച്ചു. എറണാകുളം ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ ശ്രീകുമാർ, എഫ്എസ്ഇടിഒ പ്രസിഡന്റ് എൻ ടി ശിവരാജൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജനറൽ സെക്രട്ടറി വി ശ്രീകുമാർ, എൻജിഒ യൂണിയൻ ട്രഷറർ എൻ നിമൽരാജ് എന്നിവർ സംസാരിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് കെ വി രാജേന്ദ്രൻ, മുൻ ജനറൽ സെക്രട്ടറിമാരായ കെ രവീന്ദ്രൻ, ടി സി മാത്തുക്കുട്ടി എന്നിവർ ഉൾപ്പെടെയുള്ള മുൻകാല നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
സംസ്ഥാനത്ത് പൊതുജനങ്ങള്‍ ആശ്രയിക്കുന്ന 1000 ഓഫീസുകള്‍ മാതൃകാ സ്ഥാപനങ്ങളാക്കുന്നതിന് ജീവനക്കാർ മുന്നിട്ടിറങ്ങുന്നതടക്കം എട്ട് പദ്ധതികൾ വജ്രജൂബിലി വർഷം യൂണിയൻ ഏറ്റെടുക്കുമെന്ന് എം എ അജിത്കുമാർ പറഞ്ഞു. വിവിധ സേവനങ്ങള്‍ക്കായി തലസ്ഥാനത്ത് എത്തുന്നവര്‍ക്കായി ജനസഹായകേന്ദ്രം സ്ഥാപിക്കും. നിയമങ്ങളെയും ചട്ടങ്ങളെയുംകുറിച്ച് ജീവനക്കാരില്‍ അവബോധം സൃഷ്ടിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും പഠനകേന്ദ്രം ആരംഭിക്കും. വികസന പദ്ധതികള്‍ വിജയിപ്പിക്കാനും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും ജീവനക്കാർ പങ്കാളികളാകും. ജീവനക്കാരില്‍ ചരിത്രബോധവും ശാസ്ത്രബോധവും പുരോഗമന സാമൂഹ്യ കാഴ്ചപ്പാടും വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതും പദ്ധതികളിൽ ഉൾപ്പെടുന്നു.