കൊച്ചി
രാജ്യത്ത് ഭിന്നിപ്പിന്റെ ശക്തികൾ, ഒന്നിച്ചുനിൽക്കേണ്ടവരെപ്പോലും ഭിന്നിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആ തന്ത്രം തിരിച്ചറിഞ്ഞ് ചെറുക്കാൻ സാധിക്കണം. എന്നാൽ, ആ തന്ത്രത്തിന് കൂടുതൽ സ്വീകാര്യതയുണ്ടാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണ്. ആലുവ മംഗലപ്പുഴ കാർമൽഗിരി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സുവർണജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കൃത്യമായി മതത്തിന്റെ പേരുപറഞ്ഞ് രാജ്യമെങ്ങും കലാപാഹ്വാനം നടത്തുന്ന സംഘം ഇന്ന് സജീവമാണ്. നമ്മുടെ രാജ്യം ഹിന്ദുത്വ സമൂഹമാണെന്നും ന്യൂനപക്ഷങ്ങൾ അതിന് വിധേയപ്പെട്ട് കഴിയണമെന്നും സംഘപരിവാർ ഉന്നതനേതാക്കൾ പറയുന്നു. ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തെ നിയമപരമായി വ്യവസ്ഥ ചെയ്യാൻ സംഘപരിവാറും രാജ്യത്തെ അധികാരികളും ശ്രമിക്കുകയാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ ആവർത്തിക്കുന്ന ആക്രമണങ്ങളുടെ കാര്യത്തിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കേണ്ട സ്ഥിതിവന്നു. രാജ്യത്ത് വിവിധയിടങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് എതിരെ ആക്രമണങ്ങൾ ഉണ്ടായി. കഴിഞ്ഞ ക്രിസ്മസ്കാലത്ത് വിവിധ പള്ളികൾക്കും ക്രിസ്തീയ വിശ്വാസികൾക്കും നേരെയുണ്ടായ ആക്രമണത്തിന്റെ ഫലമായി പലർക്കും വീടും നാടും വിട്ട് പലായനം ചെയ്യേണ്ടിവന്നു.
വിഭ്യാഭ്യാസവും വിദ്യാഭ്യാസസ്ഥാപനങ്ങളും സാർവത്രികമാക്കുന്നതിൽ ക്രിസ്ത്യൻ മിഷണറിമാർ വലിയ പങ്കാണ് വഹിച്ചത്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന്റെ ചാലകശക്തിയായി ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങൾ മാറി. എല്ലാവർക്കും വിദ്യാഭ്യാസമെന്നതായിരുന്നു നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രധാന ഊന്നലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം–-അങ്കമാലി അതിരൂപത അപോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി. കെആർഎൽസിബിസി പ്രസിഡന്റ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസലർ മാർ പോളി കണ്ണൂക്കാടൻ, പ്രോ- വൈസ് ചാൻസലർ ഡോ. അലക്സ് വടക്കുംതല, സിസ്റ്റർ റോസ്ലി ജോസ് ഒഴുകയിൽ, ഫാ. ജസ്റ്റിൻ പനയ്ക്കൽ, ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ, ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, ഡോ. സുജൻ അമൃതം, ഡോ. ആർ ബി ഗ്രിഗറി എന്നിവർ സംസാരിച്ചു.