കൊച്ചി
മാലിന്യസംസ്കരണത്തിലെ പുത്തൻ സാങ്കേതികവിദ്യകളും ആശയങ്ങളും അവതരിപ്പിക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വെയ്സ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ്–- ഗെക്സ് കേരള’23–-ഫെബ്രുവരി നാലുമുതൽ അറുവരെ കൊച്ചിയിൽ നടക്കും. ശുചിത്വമിഷൻ മറൈൻഡ്രൈവിൽ സംഘടിപ്പിക്കുന്ന കോൺക്ലേവ് നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാലിന്യസംസ്കരണത്തിൽ സംസ്ഥാനത്ത് പുതിയ കാഴ്ചപ്പാടും അവബോധവും സൃഷ്ടിക്കലാണ് കേൺക്ലേവിന്റെ ലക്ഷ്യമെന്ന് തദ്ദേശഭരണമന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാലിന്യസംസ്കരണത്തിലെ ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങൾ കോൺക്ലേവിൽ പരിചയപ്പെടുത്തും. ഓരോ തദ്ദേശസ്ഥാപനത്തിലെയും സ്ഥിരംസമിതി അധ്യക്ഷർവരെയുള്ള ജനപ്രതിനിധികൾ, സെക്രട്ടറി, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണസമിതി ഉപാധ്യക്ഷർ, ഹരിതകർമസേന കൺസോർഷ്യം ഭാരവാഹികൾ എന്നിവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കുക. വലിയ അളവിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, മാളുകൾ, കെട്ടിടനിർമാണം എന്നീ മേഖലകളിലുള്ളവർക്കും പങ്കെടുക്കാം. പൊതുജനങ്ങൾക്ക് 250 രൂപയും വിദ്യാർഥികൾക്ക് 100 രൂപയും ഫീസ് നൽകി കോൺക്ലേവ് സന്ദർശിക്കാം.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പഠന, പ്രദർശന, ചർച്ചാവേദിയായിരിക്കും കോൺക്ലേവ് എന്ന് മന്ത്രി പറഞ്ഞു.
ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്കരൻ, ദ്രവമാലിന്യ മാനേജ്മെന്റ് ഡയറക്ടർ കെ എസ് പ്രവീൺ, ഖരമാലിന്യ മാനേജ്മെന്റ് ഡയറക്ടർ ജ്യോതിഷ് ചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.