കൊച്ചി
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമത്തിന് കൊച്ചി ഒരുങ്ങി. വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തിൽ കലൂർ അന്തരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ 21ന് നടക്കുന്ന മഹാസംഗമത്തിൽ 10,000 സംരംഭകർ ഒത്തുചേരും. വ്യവസായവകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ സംരംഭങ്ങളാരംഭിച്ചവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇവരെന്ന് വ്യവസായമന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.
എട്ടു മാസംകൊണ്ട് സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങളാരംഭിക്കാൻ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ നേട്ടത്തെ അഭിനന്ദിച്ചിരുന്നു. ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിലൂടെ ഇതുവരെ 1,22,560 സംരംഭങ്ങളും 7495.52 കോടിയുടെ നിക്ഷേപവും 2,64,319 തൊഴിലും ഉണ്ടായി. 39,282 സ്ത്രീ സംരംഭകരും ഒമ്പത് ട്രാൻസ്ജെൻഡർ സംരംഭകരും ഇതിൽ ഉൾപ്പെടും.
ഇത്രയും സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കിയ പശ്ചാത്തലസൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന സ്ത്രീകളുടെ എണ്ണം തുടങ്ങി പല മാനങ്ങൾകൊണ്ട് രാജ്യത്തുതന്നെ പുതുചരിത്രമാണ് കേരളത്തിന്റെ സംരംഭക വർഷം പദ്ധതി. സംരംഭകർക്ക് പറയാനുള്ളത് കേൾക്കാനും അവരുടെ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് സഹായം ലഭ്യമാക്കാനും ഈ സംഗമത്തിലൂടെ ശ്രമിക്കും.
കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായസൗഹൃദ സംസ്ഥാനമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒരു വർഷത്തിനുള്ളിൽ വ്യവസായസൗഹൃദ റാങ്കിങ്ങിൽ 13 പടികൾ കയറി 28ൽനിന്ന് 15–-ാംറാങ്കിൽ കേരളം എത്തി. കേരളത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്ന ഒന്നായി സംരംഭക മഹാസംഗമം മാറുമെന്നും മന്ത്രി പറഞ്ഞു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി എ നജീബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.