കൊച്ചി
കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി എത്ര ഞെരുക്കിയാലും ജനങ്ങളെ പട്ടിണിയില്ലാതെ ജീവിക്കാൻ സഹായിക്കുന്ന ക്ഷേമപദ്ധതികൾ നിർത്തലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻജിഒ യൂണിയൻ വജ്രജൂബിലി ആഘോഷം എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം അങ്ങനെ ബദൽ നയങ്ങൾ നടപ്പാക്കേണ്ട എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം അർഹമായ നികുതി വിഹിതവും ധനസഹായവും തരാതെ കേരളം കടക്കെണിയിലാണെന്ന വസ്തുതാവിരുദ്ധ പ്രചാരണം നടത്തുന്നത്.
ജിഎസ്ടി വിഹിതം നിർത്തലാക്കിയതുവഴി 12,000 കോടി രൂപയുടെയും കിഫ്ബിയുടെയും സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടെയും ധനസമാഹരണം സർക്കാരിന്റെ വായ്പയായി കാണിച്ച് കടപരിധി വെട്ടിക്കുറച്ചതുവഴി 12,500 കോടി രൂപയും സംസ്ഥാനത്തിന് നഷ്ടമാകുകയാണ്. നികുതിവരുമാനത്തിൽനിന്നുള്ള വിഹിതം 3.9 ശതമാനത്തിൽനിന്ന് 1.92 ശതമാനമായി വെട്ടിക്കുറച്ച് ധനകമീഷൻ ഇരട്ടപ്രഹരവും ഏൽപ്പിച്ചിരിക്കുകയാണ്. 20,000 കോടി രൂപയാണ് ഈ ഇനത്തിലും സംസ്ഥാനത്തിന് കുറവുവരുന്നത് –-മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവും സംതൃപ്തമായ സിവിൽ സർവീസ് കേരളത്തിലാണ്. ആ സംതൃപ്തി പ്രതിഫലിപ്പിക്കേണ്ടത് ജനങ്ങൾക്ക് നൽകുന്ന മികച്ച സേവനത്തിലൂടെയാകണം. അഴിമതിമുക്ത സിവിൽ സർവീസിനൊപ്പം കാര്യക്ഷമമായ സിവിൽ സർവീസ് എന്ന ലക്ഷ്യം നേടാൻ സർക്കാരും സിവിൽ സർവീസും ഒരു മനസ്സായി പ്രവർത്തിക്കണം. പല സംസ്ഥാനങ്ങളും ശമ്പളപരിഷ്കരണം നടപ്പാക്കാതിരിക്കുകയോ ഭാഗികമായി നടപ്പാക്കുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തപ്പോൾ കേരളം ശമ്പളവർധന കൃത്യമായി നടപ്പാക്കി.
എന്നാൽ, ഒട്ടേറെ കാര്യങ്ങളിൽ മികവുപുലർത്തുന്ന കേരളത്തിൽ സിവിൽ സർവീസിന് പ്രതീക്ഷിച്ചത്ര മേൻമ നേടാൻ കഴിഞ്ഞിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് 2016ൽ സർക്കാർ ചുമതലയേറ്റപ്പോൾ ഓർമപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്തകാലത്ത് നടന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ ഭരണസിരാകേന്ദ്രത്തിൽ 50 ശതമാനമാണ് ലക്ഷ്യം നേടിയത്. ഇക്കാര്യത്തിൽ കുറേക്കൂടി മുന്നോട്ടുപോകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.