ന്യൂഡൽഹി
-സുപ്രീംകോടതി ജഡ്ജിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും നിയമനം കൊളീജിയം വഴിയല്ല, സെർച്ച് കമ്മിറ്റി വഴിയാണ് നടത്തേണ്ടതെന്ന് കേന്ദ്രസർക്കാർ. കൊളീജിയം വിഷയത്തിൽ സുപ്രീംകോടതിയുമായി കേന്ദ്രസർക്കാർ തുടരുന്ന ഏറ്റുമുട്ടലിന്റെ തുടർച്ചയായാണ് നിയമമന്ത്രി കിരൺ റിജിജുവിന്റെ തുറന്നുപറച്ചിൽ. നിയമനത്തിന് അർഹരായവരെ കണ്ടെത്താൻ സെർച്ച് കം ഇവാല്യൂവേഷൻ കമ്മിറ്റി രൂപീകരിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടതെന്നും റിജിജു വിശദീകരിച്ചു. കൊളീജിയത്തിൽ കേന്ദ്രസർക്കാർ പ്രതിനിധിയെ എങ്ങനെ ഉൾപ്പെടുത്താൻ കഴിയും? ചിലർ വസ്തുത മനസ്സിലാക്കാതെ അഭിപ്രായം പറയുകയാണ്. ജഡ്ജിമാരുടെ നിയമനത്തിനുള്ള നടപടിക്രമം ഉടച്ചുവാർക്കണമെന്ന് സുപ്രീംകോടതിതന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു. കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്ത് നൽകിയെന്ന വാർത്ത വന്ന് 24 മണിക്കൂറിനുശേഷമാണ് മന്ത്രിയുടെ പ്രതികരണം.
കൊളീജിയം നടപടിക്രമം കുറ്റമറ്റതാണെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. എന്നാൽ സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്നാണ് കേന്ദ്രനിലപാട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് രാഷ്ട്രപതി ജഡ്ജിമാരെ നിയമിക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നതെന്ന് റിജിജു അഭിപ്രായപ്പെട്ടു. 1993ൽ സെക്കൻഡ് ജഡ്ജസ് കേസിൽ ഭരണഘടനയുടെ 124–-ാം വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് സുപ്രീംകോടതി കൊളീജിയം സംവിധാനം കൊണ്ടുവന്നതെന്നും റിജിജു കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കൂടിയാലോചിച്ച് നിയമിക്കണമെന്ന് പറയുന്നതിനെ സമ്മതത്തോടെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്തു. ഇതോടെ രാഷ്ട്രപതി ഇതനുസരിക്കാൻ ബാധ്യസ്ഥനായെന്നും റിജിജു പറഞ്ഞു. –
ജഡ്ജിമാരുടെ നിയമനത്തിന്, മോദിസർക്കാർ വന്നശേഷം 2014ൽ ജുഡീഷ്യൽ നിയമന കമീഷൻ നിയമത്തിന് രൂപം നൽകിയിരുന്നു. കേന്ദ്രനിയമമന്ത്രി ഉൾപ്പെടുന്ന സെർച്ച് കമ്മിറ്റി വഴി ജഡ്ജിമാരെ നിയമിക്കാൻ വ്യവസ്ഥ ചെയ്ത നിയമം തൊട്ടടുത്തവർഷം സുപ്രീംകോടതി റദ്ദാക്കി.