ബീജിങ്
ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ജനസംഖ്യാവളർച്ചയിൽ ഇടിവ് രേഖപ്പെടുത്തി ചൈന. 1961ലാണ് ഇതിനുമുൻപ് ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ചൈനയിലെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം 141.18 കോടിയാണ് 2022ലെ ജനസംഖ്യ. 2021നെ അപേക്ഷിച്ച് 8.50 ലക്ഷത്തിന്റെ കുറവ്. 95.6 ലക്ഷം കുട്ടികളാണ് 2022ൽ ജനിച്ചത്. മരണമാകട്ടെ 1.41 കോടിയും.
1976നുശേഷം ആദ്യമായാണ് മരണനിരക്ക് ജനന നിരക്കിനെ മറികടന്നതും. വർധിച്ച ജനസംഖ്യ നിയന്ത്രിക്കാനായി ചൈന 1980ൽ ഒറ്റക്കുട്ടി നയം ഏർപ്പെടുത്തിയിരുന്നു. ജനസംഖ്യ കുറഞ്ഞുതുടങ്ങിയതോടെ 2021ൽ മൂന്ന് കുട്ടികൾവരെ ആകാമെന്ന് നിയമം ഭേദഗതിചെയ്തു. യുവാക്കളുടെ എണ്ണം കുറയുന്നത് ചൈനയുടെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.