ന്യൂഡൽഹി
സുപ്രീംകോടതി ജഡ്ജിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും നിയമനത്തിന് സർക്കാർ പ്രതിനിധി ഉൾപ്പെട്ട സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ കത്ത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. സർക്കാരിന്റെ അധീനതയിലുള്ള ജുഡീഷ്യറി സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം. നിയമമന്ത്രിയെ അംഗമാക്കി ദേശീയ ജുഡീഷ്യൽ കമീഷൻ രൂപീകരിക്കാൻ കൊണ്ടുവന്ന നിയമം റദ്ദാക്കി 2015ലെ ഫോർത്ത് ജഡ്ജസ് കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ല മന്ത്രിയുടെ ആവശ്യം.
ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടലിന് അവസരമൊരുക്കാനും സംഘപരിവാർ ആസൂത്രണം ചെയ്ത പദ്ധതി നടപ്പാക്കാനാണ് ശ്രമം. ജനാധിപത്യത്തിൽ പാർലമെന്റിനാണ് ആധിപത്യമെന്ന ഉപരാഷ്ട്രപതിയുടെ പ്രഖ്യാപനവും ഇതോടൊപ്പം കാണണമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥ് പ്രസ്താവനയിൽ പറഞ്ഞു.