ന്യൂഡൽഹി
ക്ലിനിക്കൽ പരിശീലനം ലഭിക്കാതെ വിദേശ മെഡിക്കൽ ബിരുദം നേടിയവർക്ക് രണ്ട് വർഷത്തെ നിർബന്ധിത ഇന്റേൺഷിപ് വ്യവസ്ഥയ്ക്ക് മുൻകാല പ്രാബല്യം നൽകിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെയും ദേശീയ മെഡിക്കൽ കമീഷന്റെയും നിലപാട് തേടി. കോവിഡ്, റഷ്യ–-ഉക്രയ്ൻ യുദ്ധം എന്നീ കാരണങ്ങളാൽ ചൈന, ഉക്രയ്ൻ, ഫിലിപ്പീൻസ് രാജ്യങ്ങളിൽനിന്ന് മടങ്ങിവന്ന മെഡിക്കൽ ബിരുദധാരികൾ നൽകിയ ഹർജിയോടൊപ്പം ഇതും പരിഗണിക്കാൻ ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രംനാഥ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. 25ന് വീണ്ടും പരിഗണിക്കും.
മാസങ്ങളായി ചികിത്സിക്കുന്ന ഡോക്ടർമാരുടെ രജിസ്ട്രേഷൻ അടക്കം റദ്ദായ സ്ഥിതിയാണ് മെഡിക്കൽ കമീഷൻ തീരുമാനം വഴി ഉണ്ടായതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ശിവംസിങ് പറഞ്ഞു. മൂന്ന് സെമസ്റ്റർ ഓൺലൈനിൽ പൂർത്തീകരിച്ചവർക്ക് അനുഭാവപൂർണവും പ്രായോഗികവുമായ സമീപനം കൈക്കൊള്ളണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ കമീഷൻ നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ പാസായവരാണ് ഇത്തരത്തിൽ അയോഗ്യരായത്.
തീരുമാനം ഉടൻ സ്റ്റേ ചെയ്യണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കാത്തിരിക്കാനും വേണ്ടിവന്നാൽ അയോഗ്യരാക്കിയ നടപടി റദ്ദാക്കാമെന്നും ബെഞ്ച് അറിയിച്ചു.