ദുബായ്
ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് താൽപര്യം പ്രകടിപ്പിച്ചതിനു പിന്നാലെ നിലപാട് മാറ്റി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ തീരുമാനം പിൻവലിച്ചാലേ ഇന്ത്യയുമായി ചർച്ചയുള്ളൂവെന്നാണ് ഷെരീഫ് നിലപാട് തിരുത്തിയത്. കശ്മീര്‍പ്രശ്നം സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് അല്‍ അറേബ്യ ടിവിക്ക് നൽകിയ അഭിമുഖത്തിലെ നിലപാടിൽനിന്നാണ് അദ്ദേഹം പിന്നോട്ടുപോയത്. ഇന്ത്യയുമായുള്ള മൂന്ന് യുദ്ധത്തില്‍നിന്ന് പാഠങ്ങള്‍ പഠിച്ചെന്നും യുദ്ധത്തിലൂടെ ദുരിതങ്ങളേ നേടാനായുള്ളൂവെന്നും അയല്‍രാജ്യവുമായി സമാധാനം പുനഃസ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ചര്‍ച്ചകള്‍ക്ക് യുഎഇ മധ്യസ്ഥത വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ദേശീയമാധ്യമങ്ങളിൽ വാർത്തയായതോടെ പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ആദ്യത്തെ നിലപാട് മാറ്റുകയായിരുന്നു. കശ്മീർപ്രശ്നം പരിഹരിക്കുന്നത് യുഎൻ പ്രമേയങ്ങൾക്കും കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങൾക്കും അനുസൃതമാകണമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.