അബുദാബി> അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ മലയാളം മിഷൻ ക്ലാസുകൾക്ക് തുടക്കം കുറിച്ചു. സെന്റർ വൈസ് പ്രസിഡന്റ് ഹിദായത്തുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ സൂരജ് പ്രഭാകർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ഹസീന ബീഗം, മാധ്യമപ്രവർത്തകൻ സി. പി. സൈതലവി , മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി കെ അബ്സുൽ സലാം, ട്രഷറർ ഷിഹാബുദ്ദീൻ, മലയാളം മിഷൻ അബുദാബി സിറ്റി മേഖല കോർഡിനേറ്റർ ധനേഷ് കുമാർ, കെഎംസിസി വൈസ് പ്രസിഡന്റ് അഷറഫ് പൊന്നാനി, സുന്നി സെന്റർ സെക്രട്ടറി അബ്ദുള്ള നദ്വി, അബുദാബി മലയാളി സമാജം മീഡിയ കൺവീനർ പി. ടി. റഫീഖ് എന്നിവർ ആശംസകൾ നേർന്നു . മലയാളം മിഷൻ കണിക്കൊന്ന പാഠപുസ്തകവും കൈപുസ്തകവും മലയാളം മിഷൻ അധ്യാപിക അഷിത നസീറിന് ചെയർമാൻ സൂരജ് പ്രഭാകർ കൈമാറി.
മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ കീഴിൽ ആരംഭിക്കുന്ന എഴുപതിനാലാമത്തെ സെന്ററാണ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ആരംഭിച്ചിരിക്കുന്നത്.
നിലവിൽ മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി 73 സെന്ററുകളിൽ 92 അധ്യാപകരുടെ ശിക്ഷണത്തിൽ രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യവിഭാഗം സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും വിദ്യാഭാസ വകുപ്പ് സെക്രട്ടറി ഷിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.ആദ്യബാച്ചിൽ തന്നെ നൂറോളം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്നും പേര് രജിസ്റ്റർ ചെയ്യുന്നതിന് 02 6424488/ 050 7739565/ 054 4352152 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.