തിരുവനന്തപുരം> സംസ്ഥാനത്ത് വാട്ടർ അതോറിറ്റി കുടിവെള്ള നിരക്ക് പൊതുവായി വർധിപ്പിച്ചത് 13 വർഷംമുമ്പ്. അന്ന് 1000 ലിറ്ററിന് 4.41 രൂപയാണ് കൂട്ടിയത്. 2015ൽ 15,000 ലിറ്ററിൽ കൂടുതൽ മാസ ഉപയോഗമുള്ളവർക്ക് മാത്രമായി വർധന വരുത്തി. എൽഡിഎഫ് യോഗം ലിറ്ററിന് ഒരു പൈസ വെള്ളക്കരം കൂട്ടാൻ തീരുമാനിച്ചപ്പോഴും ബിപിഎൽ കുടുംബങ്ങളെ ഒഴിവാക്കി. അഞ്ചുലക്ഷം ബിപിഎൽ കണക്ഷനാണുള്ളത്. 2006ൽ വി എസ് സർക്കാരാണ് ബിപിഎൽ കുടുംബത്തിന് കുടിവെള്ളം സൗജന്യമാക്കിയത്. അതിപ്പോഴും തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആയിരം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ വാട്ടർ അതോറിറ്റി ചെലവിടുന്നത് ശരാശരി 21 രൂപയാണ്. നിലവിൽ ഈടാക്കുന്നത് 4.41 രൂപയും. 2391.89 കോടി രൂപ വാട്ടർ അതോറിറ്റിക്ക് പിരിഞ്ഞുകിട്ടാനുണ്ട്. സഞ്ചിത നഷ്ടം 4000 കോടിയും. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം കൊടുക്കാൻ ബുദ്ധിമുട്ടുകയാണ്. കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകൾക്കുള്ള വൈദ്യുതിക്ക് വ്യാവസായിക നിരക്കായതും പ്രതിസന്ധിയാണ്. 40 ലക്ഷം കുടിവെള്ള കണക്ഷനാണ് സംസ്ഥാനത്തുള്ളത്.