തിരുവനന്തപുരം> കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രം ആരംഭിക്കാനുള്ള ആലോചന നടക്കുന്നത് സ്വാതന്ത്ര്യസമരം ശക്തമായ ഘട്ടത്തിലാണ്. തൊഴിലാളിവർഗ പ്രസ്ഥാനത്തെ തകർക്കാൻ വർഗശത്രുക്കൾ വലിയ പ്രചാരണം അക്കാലത്ത് നടത്തിയിരുന്നു. ഇതിനെയെല്ലാം ചെറുക്കുന്ന ഒരു പേരുതന്നെ വേണമെന്ന ചിന്തയിൽനിന്നുണ്ടായ ചർച്ചകളുടെയും കൂടിയാലോചനകളുടെയും ഫലമാണ് ദേശാഭിമാനി എന്ന പേരിന്റെ പിറവി. കമ്യൂണിസ്റ്റുകാർ രാജ്യദ്രോഹികളാണെന്ന് ശത്രുക്കൾ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ മുനയൊടിക്കുന്ന പേരുതന്നെ വേണമെന്ന് അഭിപ്രായം ഉയർന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വിപ്ലവകരമായ പത്രപ്രവർത്തന പാരമ്പര്യത്തിന് അഭിവാദ്യം അർപ്പിച്ച് അദ്ദേഹത്തിന്റെ പേരിൽനിന്ന് ‘സ്വ’ കളഞ്ഞ് ദേശാഭിമാനി എന്ന പേര് തെരഞ്ഞെടുക്കുകയായിരുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സജീവമായ നേതാക്കളേറെയും ജയിലിലായിരുന്നു. നിയമവിധേയമായി പാർടി പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെയാണ് പത്രം തുടങ്ങാൻ തീരുമാനിച്ചത്. അതുപ്രകാരമാണ് 1942 സെപ്തംബർ ആറിന് കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രമായ ‘ദേശാഭിമാനി’ വാരികയായി കോഴിക്കോട്ടുനിന്ന് അച്ചടി മഷിപുരണ്ടത്.
‘പീപ്പിൾസ് വാർ’ ആയിരുന്നു പാർടിയുടെ കേന്ദ്ര മുഖപത്രം. അതേ അർഥംവരുന്ന വാക്കാണ് ഹിന്ദി, ഉറുദു, മറാത്തി, ഗുജറാത്തി ഭാഷയിൽ പാർടി മുഖപത്രങ്ങൾ പേരായി സ്വീകരിച്ചത്. കേരളത്തിലെ പത്രത്തിന് ‘ജനകീയ യുദ്ധം’ എന്ന് അർഥം വരുന്ന പേരിട്ടാലോ എന്ന ചർച്ച ഉയർന്നു. അത് തെറ്റായ സന്ദേശം നൽകുമെന്നും വർഗശത്രുക്കൾ എതിരായി ഉപയോഗിക്കുമെന്നുമുള്ള വാദമുയർന്നു. തുടർന്നാണ് ദേശാഭിമാനി എന്ന പേരിലേക്ക് എത്തിയത്.