തിരുവനന്തപുരം> ന്യൂനപക്ഷങ്ങളുടെ പിന്തുണ തേടി ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുടെ തിരക്കിട്ട നീക്കം. ജില്ലകൾ കേന്ദ്രീകരിച്ച് മതനേതാക്കളെയും പൗരപ്രമുഖരെയും കലാകാരന്മാരെയും കണ്ട് സഹായം അഭ്യർഥിക്കുകയാണ്. വീട്ടിലോ പ്രത്യേക സ്ഥലത്തോ കാണാനാണ് അനുമതി ചോദിക്കുന്നത്.
നേതാക്കൾ ഹിന്ദുരാജ്യം പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പ് ശക്തമാക്കിയ സാഹചര്യത്തിലാണ് ‘ തെക്ക് പിടിക്കാൻ ’പുതിയ തന്ത്രം. ന്യൂനപക്ഷ വിരോധത്തോട് കേരളത്തിലെ ഹിന്ദുക്കൾക്കും എതിർപ്പാണെന്നും അത് പരിഹരിക്കാൻ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ അടുപ്പിക്കണമെന്നുമാണ് സംഘപരിവാർ ‘ബുദ്ധിജീവികളു’ടെ ഉപദേശം. ചില ബിഷപ്പുമാർ അടക്കം വലയിൽ വീണെങ്കിലും പൊതുവിൽ അനുകൂല പ്രതികരണമല്ല. മലയാള സിനിമയിലെ സൂപ്പർ താരങ്ങളെയടക്കം കാണാൻ ജാവദേക്കർ ക്ഷണിച്ചെങ്കിലും വിജയിച്ചില്ല. സഹകരണം സാധ്യമല്ലെന്ന് ചില മതനേതാക്കളും വ്യക്തമാക്കി.
നേരത്തേ ബിജെപി അനുകൂല ക്രൈസ്തവ പാർടിക്ക് നീക്കം നടത്തിയിരുന്നു. ജെ പി നദ്ദ കോട്ടയത്ത് വന്നപ്പോൾ രണ്ട് ബിഷപ്പുമാരെ സന്ദർശിച്ചു. സംഘപരിവാറിനെ പരസ്യമായി അനുകൂലിച്ചും അധികാര സ്ഥാനങ്ങൾ വാങ്ങിയും മുന്നോട്ട് പോകുന്നതിലെ അപകടം ചൂണ്ടിക്കാട്ടി മുതിർന്ന ബിഷപ്പുമാരടക്കം രംഗത്തുവന്നു. ന്യൂനപക്ഷ കമീഷൻ ചെയർമാൻ ആകാനുള്ള മുൻ ബിഷപ്പിന്റെ നീക്കവും ഇതുമൂലം പൊളിഞ്ഞു.
ക്രൈസ്തവ സമുദായത്തിൽനിന്ന് 15 ശതമാനം വോട്ടെങ്കിലും പിടിക്കുകയാണ് ബിജെപി ലക്ഷ്യം. തിരുവനന്തപുരത്ത് നടന്ന ക്രൈസ്തവ വിശ്വാസ സംഗമത്തിന് ദേശീയ ന്യൂനപക്ഷ കമീഷൻ ചെയർമാൻ ഇക്ബാൽ സിങ് ലാൽപുര എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രി സ്മൃതി ഇറാനിയുടെയും സന്ദേശങ്ങൾ സംഗമത്തിൽ വായിച്ചു. പിന്നാലെ, സംഘാടകരായ ‘ആക്ടസി’ (അസംബ്ലി ഓഫ് കിസ്ത്യൻ ട്രസ്റ്റ് സർവീസസ്) ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനെ കമീഷൻ പുതുതായി രൂപീകരിച്ച സമുദായ നേതാക്കളുടെ പാനലിൽ ഉൾപ്പെടുത്തി. മൂന്നാളെക്കൂടി നിയമിക്കും.