ന്യൂഡൽഹി> ഭൂമി ഇടിഞ്ഞുതാഴലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ ജോഷിമഠിൽ സർക്കാരിനെതിരായ ജനകീയ പ്രതിഷേധം തുടരുന്നു. തപോവൻ ജലവൈദ്യുത പദ്ധതിക്കായി എൻടിപിസി നടത്തിയ ടണൽ നിർമാണമാണ് ഇടിഞ്ഞുതാഴലിന് വഴിയൊരുക്കിയതെന്ന നിലപാടിലാണ് നാട്ടുകാർ. പദ്ധതി നിർമാണം നിർത്തിവയ്ക്കണമെന്നാണ് ആവശ്യം.
മലകൾ തുരന്നുള്ള ടണൽനിർമാണം ഭൂഗർഭ ജലശേഖരത്തിൽ വിള്ളൽ സൃഷ്ടിച്ചിട്ടുണ്ടെന്ന് ചില വിദഗ്ധർ ചൂണ്ടിക്കാട്ടി. ടണൽ നിർമാണമല്ല ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന നിലപാടിലാണ് എൻടിപിസിയും സർക്കാരും. ജോഷിമഠിൽനിന്ന് ഒരു കിലോമീറ്റർ മാറിയാണ് ടണൽ നിർമാണമെന്നും ഭൂമിക്കടിയിൽ ഒരു കിലോമീറ്ററോളം ആഴത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതെന്നും എൻടിപിസി അവകാശപ്പെടുന്നു. 1976 മുതൽ ജോഷിമഠിൽ മണ്ണിടിയൽ പ്രശ്നമുണ്ടെന്നും എൻടിപിസി ചൂണ്ടിക്കാട്ടുന്നു.
ജോഷിമഠ്–- ഔലി റോപ്വേ പ്രവർത്തനം നിർത്തി
റോപ്വേയുടെ ഒരു ടവർ പ്രശ്നബാധിതമേഖലയിലെ മനോഹർനഗർ വാർഡിലായതിനാൽ ജനുവരി അഞ്ചുമുതലാണ് പ്രവർത്തനം നിർത്തിയത്. ജോഷിമഠിൽനിന്ന് ഔലിയിലേക്കുള്ള റോപ്വേ നാലു കിലോമീറ്ററാണ്. ആകെ 10 ടവറുണ്ട്. 15 മിനിറ്റ് ദൂരംകൊണ്ട് ഔലിയിൽ എത്തുമെന്നതിനാൽ വിനോദസഞ്ചാരികൾ കൂടുതലായി ആശ്രയിച്ചിരുന്നത് റോപ്വേയാണ്.
ജോഷിമഠിലെ രണ്ടു ഹോട്ടൽ പൊളിക്കുന്നത് തുടരുന്നു. തണുപ്പും മഞ്ഞുവീഴ്ചയും പൊളിക്കൽ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നു.