ന്യൂഡൽഹി> അയോധ്യയിലെ രാമക്ഷേത്ര നിർമാണ പുരോഗതി വിളംബരം ചെയ്യാനും പ്രചാരണം നടത്താനും നീക്കം. ഇതിന്റെ ഭാഗമായി, നിർമാണം പൂർത്തിയായ താഴത്തെ നിലയിൽ മാധ്യമപ്രവർത്തകർക്ക് സന്ദർശനമൊരുക്കി. നിർമാണ മേൽനോട്ടം വഹിക്കുന്ന രാമജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റാണ് മാധ്യമപ്രവർത്തകരെ ക്ഷണിച്ചത്.
തൃപ്തികരമായി നിർമാണം നടക്കുന്നതായും ഗർഭഗൃഹത്തിന്റെ പണി ഒക്ടോബറിൽ പൂർത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി പറഞ്ഞു. ഡിസംബർ 21നും അടുത്ത വർഷം ജനുവരി 14നും ഇടയിൽ പ്രതിഷ്ഠ സ്ഥാപിച്ച് ക്ഷേത്രം തീർഥാടകർക്കായി തുറന്നുകൊടുക്കാനാണ് പരിപാടി. 2024 ജനുവരി ഒന്നിന് രാമക്ഷേത്രം പൂർത്തീകരിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. 2020 ആഗസ്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമാണത്തിന് കല്ലിട്ടത്.
രാഷ്ട്രീയ പ്രചാരണത്തിനായി ക്ഷേത്രനിർമാണം ഉപയോഗിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇക്കൊല്ലം ഒമ്പത് സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും രാമക്ഷേത്ര നിർമാണത്തിന്റെ പേരിൽ വോട്ട് തേടാനാണിത്. അതേസമയം, ബാബ്റി മസ്ജിദിന് പകരം മറ്റൊരു സ്ഥലത്ത് മുസ്ലിം പള്ളി നിർമിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.