ശബരിമല> ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിനാകെ മാതൃകയാണെന്ന് -ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. 2023ലെ ഹരിവരാസനം പുരസ്കാരം ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരും ഒന്നാവാനുള്ള അവസരമാണ് ശബരിമല നൽകുന്നത്. ഇവിടെ തൊട്ടുകൂടായ്മയില്ല. എന്നാൽ രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മയുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിച്ച വേളയിലാണ് ക്ലാസ് മുറിയിൽ കുടിവെള്ളം നിറച്ച ഗ്ലാസ് തൊട്ടതിന് അധ്യാപകൻ ദലിത് പെൺകുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയത്. തൊട്ടുകൂടായ്മ നിലനിൽക്കുവെന്നതിന്റെ തെളിവാണത്.
സാഹിത്യത്തിന്റെയും സിനിമയുടെയും എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിത്വമാണ് ശ്രീകുമാരൻ തമ്പി. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ ചിന്തയാണ് അദ്ദേഹം പകർന്നതെന്നും മന്ത്രി പറഞ്ഞു. സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷനായി.
തനിക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങൾക്കും മുകളിലാണ് ഹരിവരാസനം പുരസ്കാരമെന്ന് ശ്രീകുമാരൻതമ്പി പറഞ്ഞു. എംപിമാരായ ആന്റോ ആന്റണി, വി കെ ശ്രീകണ്ഠൻ എന്നിവർ മുഖ്യാതിഥികളായി. കെ യു ജനീഷ് കുമാർ എംഎൽഎ വിശിഷ്ടാതിഥിയായി. ദേവസ്വം സെക്രട്ടറി കെ ബിജു പ്രശസ്തിപത്രം വായിച്ചു.